‘ഗ്യാസിന് കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല; സിലിണ്ടറിന്റെ കാലം കഴിഞ്ഞു, ഇനി പൈപ്പ്‌ലൈൻ ഗ്യാസ്’
Mail This Article
കൊച്ചി∙ പാചക വാതക വില വർധനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ല. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
‘യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂർണമായും തിരിച്ചടച്ചിരിക്കുകയാണ് നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ്. ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലുമുള്ള വീടുകളിൽ പൈപ്പ്‌ലൈൻ ഗ്യാസ് എത്തിക്കഴിഞ്ഞു.’– സുരേന്ദ്രൻ പറഞ്ഞു.
ത്രിപുര, നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടി നൽകിയിരിക്കുകയാണ്. പരസ്പര വൈരികളായ കോൺഗ്രസും സിപിഎമ്മും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ത്രിപുരയിലെ ജനങ്ങൾ അത് നിരാകരിച്ചു. മധുവിധു ആഘോഷിക്കും മുൻപേ ത്രിപുരയിൽ സിപിഎം–കോൺഗ്രസ് ദാമ്പത്യം തകർന്നുപോയി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും മോദിയുടെ ജനപിന്തുണ പ്രതിഫലിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran about gas price hike