തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോൺഗ്രസ്– സിപിഎം സഖ്യം ശരി തന്നെ: ഗോവിന്ദൻ
Mail This Article
പാലക്കാട് ∙ ത്രിപുരയിൽ കോൺഗ്രസ്– സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറഞ്ഞ വോട്ടാണ് ഉളളതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എന്നാൽ, കഴിഞ്ഞദിവസത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതു കൊണ്ടാണെന്നു ഗോവിന്ദൻ ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയുമാണ് മുന്നിൽ. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും കടുത്ത പോരാട്ടത്തിലാണ്.
English Summary: MV Govindan comments on Tripura election results