കിങ്മേക്കറാകാൻ കൊതിച്ച ‘രാജാവ്’; തിപ്ര മോത്തയിൽ വിറപ്പിച്ച പ്രദ്യോത്
Mail This Article
അഗർത്തല ∙ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച ത്രിപുരയിൽ നിർണായക ശക്തിയായി തിപ്ര മോത്ത പാര്‍ട്ടി. ബിജെപി, സിപിഎം-കോണ്‍ഗ്രസ് സഖ്യം തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ച സംസ്ഥാനത്ത്, തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഫലപ്രഖ്യാപനത്തിനിടെ ബിജെപി സഖ്യവും സിപിഎം സഖ്യവും സീറ്റുനിലയിൽ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ, തിപ്ര മോത്ത പാർട്ടി ‘കിങ്മേക്കർ’ ആയേക്കുമെന്നും വിലയിരുത്തപ്പെട്ടു.
അതിനിടെ, ബിജെപി സഖ്യം കേവല ഭൂരിപക്ഷം കടന്നതോടെ തിപ്ര മോത്തയുടെ പിന്തുണ ആവശ്യമല്ലാതായി. പത്തോളം സീറ്റിൽ ലീഡ് ചെയ്യുന്ന പാർട്ടി ആർക്കൊപ്പം ചേരുമെന്നതാണ് ഇപ്പോൾ ത്രിപുര രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ‘ഗ്രേറ്റർ തിപ്രലാൻഡ്’ ഒഴികെയുള്ള തിപ്ര മോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയാറാണെന്ന് ത്രിപുര ബിജെപി മുഖ്യ വക്താവ് സുബ്രത ചക്രവർത്തി വ്യക്തമാക്കിക്കഴിഞ്ഞു.
∙ സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയ തിപ്ര മോത്ത
2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. 28 കൗണ്‍സില്‍ സീറ്റില്‍ 18 എണ്ണത്തിലും തിപ്ര മോത്ത പാര്‍ട്ടി ജയിച്ചു. ബിജെപി ഒൻപതു സീറ്റില്‍ ഒതുങ്ങി. സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2022ല്‍, എന്‍ഡിഎ സഖ്യത്തിലെ അഞ്ച് ബിജെപി എംഎല്‍എമാരും ബിജെപി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ (ഐപിഎഫ്ടി) മൂന്ന് എംഎല്‍എമാരും രാജിവച്ചിരുന്നു. ഇതില്‍ ആറു പേര്‍ ചേക്കേറിയത് തിപ്ര മോത്ത പാര്‍ട്ടിയിൽ. മൂന്നു പേര്‍ കോണ്‍ഗ്രസിലും ചേര്‍ന്നു. ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
∙ കിങ്മേക്കറാകാൻ ‘കൊതിച്ച’ പ്രദ്യോത് മാണിക്യ
ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ, കോണ്‍ഗ്രസ് വിട്ടാണ് നാലു വര്‍ഷം മുന്‍പ് തിപ്ര മോത്ത (തിപ്ര ഇന്‍ഡിജനസ് പ്രോഗ്രസീവ് റീജനല്‍ അലയന്‍സ്) രൂപീകരിച്ചത്. ഗോത്ര വിഭാഗങ്ങള്‍ക്കായി ‘ഗ്രേറ്റര്‍ തിപ്രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായാണ് പാർട്ടി തിരഞ്ഞടുപ്പിനെ സമീപിച്ചത്. ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗോത്രവര്‍ഗങ്ങളാണു തിപ്ര മോത്തയിലെ അംഗങ്ങള്‍. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്.
തിപ്രലാന്‍ഡ് ആവശ്യവുമായി ബന്ധപ്പെട്ട് നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 1.2 ദശലക്ഷം ജനസംഖ്യയുള്ള ത്രിപുരയുടെ 10,491 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സിലിന്റെ നിയന്ത്രണ പരിധിയിലാണ്. അതില്‍ 90% ഗോത്രവിഭാഗക്കാർ. ഇവിടെ 20 നിയമസഭാ സീറ്റുണ്ട്. ഈ സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു തിപ്ര മോത്തയുടെ പ്രചാരണം. ഈ സീറ്റുകളിലാണ് പാർട്ടി മുന്നേറിയതും. ഇത് ഭരണകക്ഷിയായ ബിജെപിയുടെയും ഇടതു-കോൺഗ്രസ് സഖ്യത്തിന്റെയും പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയുടെ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും നിരാകരിച്ചു. തുടര്‍ന്നാണ് ഒറ്റയ്ക്കു മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. അതേസമയം, നേതാവ് പ്രദ്യോത് മാണിക്യ മത്സരിച്ചിരുന്നില്ല.
20,000 തൊഴിലവസരം, ട്രൈബല്‍ കൗണ്‍സിലിനായി പൊലീസ് സേന എന്നീ വാഗ്ദാനങ്ങളുള്‍പ്പെടെയായിരുന്നു തിപ്ര മോത്ത പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. പൊലീസ് സേനയ്ക്കായി 6,000 യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്നും ഗ്രേറ്റര്‍ തിപ്രലാന്‍ഡിനായി പോരാടുമെന്നും പത്രികയില്‍ വ്യക്തമാക്കി.
English Summary: Tripura Legislative Assembly Election 2023: Tipra Motha set to play role of kingmaker in Tripura