കൊല്ലം രൂപതയുടെ മുൻ ബിഷപ് ഡോ. ജോസഫ് ജി. ഫെർണാണ്ടസ് കാലം ചെയ്തു
Mail This Article
കൊല്ലം ∙ കൊല്ലം രൂപതയുടെ മുൻ ബിഷപ് ഡോ. ജോസഫ് ജി. ഫെർണാണ്ടസ് (97) കാലം ചെയ്തു. ഇന്നു രാവിലെ 10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുപത്തിനാലാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ഡോ. ജോസഫ് ജി. ഫെർണാണ്ടസ്, ബിഷപ് എന്ന നിലയിൽ 1978 മുതൽ 2001 വരെ കാൽ നൂറ്റാണ്ടോളം രൂപതയെ നയിച്ചു. രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായ ഡോ. ജെറോം എം. ഫെർണാണ്ടസിന്റെ പിൻഗാമിയാണ്. തോട്ടപ്പള്ളി മുതൽ പാരിപ്പള്ളി വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണു കൊല്ലം രൂപത.
കരുനാഗപ്പള്ളി മരുതൂർകുളങ്ങര ഇടവകയിലെ പണ്ടാരത്തുരുത്ത് പാലത്തുംകടവ് കുടുംബത്തിൽ ഗബ്രിയേൽ ഫെർണാണ്ടസ്– ജോസ്ഫീന ദമ്പതികളുടെ മൂത്ത മകനായി 1925 സെപ്റ്റംബർ 16 നു ജനിച്ച ഡോ. ജോസഫ് ജി. ഫെർണാണ്ടസിന്റെ വിദ്യാഭ്യാസം ചെറിയഴീക്കൽ, കോവിൽത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്കൂളുകളിലായിരുന്നു. കൊല്ലം സെന്റ് റഫേൽ സെമിനാരി, കൊല്ലം സെന്റ് തെരേസ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായി വൈദിക പഠനവും പൂർത്തിയാക്കി.
ശക്തികുളങ്ങര, ചാരുംമൂട് ഇടവകകളിൽ അസിസ്റ്റന്റ് വികാരി, കണ്ടച്ചിറ മങ്ങാട്, ക്ലാപ്പന, ഇടമൺ എന്നിവിടങ്ങളിൽ വികാരി, ഇൻഫന്റ് ജീസസ് ബോർഡിങ് സ്കൂൾ വാർഡൻ, സെന്റ് റഫേൽ സെമിനാരി പ്രീഫക്ട്, ഫാത്തിമ മാതാ നാഷനൽ കോളജ്, കർമലറാണി ട്രെയിനിങ് കോളജ് ബർസാർ, വിമലഹൃദയ സഭ സന്യാസിനികളുടെ ഗുരുഭൂതൻ, വിവിധ സന്യാസിനി സഭകളുടെ ഔദ്യോഗിക കുമ്പസാരക്കാരൻ, ബിഷപ് ആയിരിക്കെ ഡോ. ജെറോം എം. ഫെർണാണ്ടസിന്റെ സെക്രട്ടറി, രൂപത ചാൻസലർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. കെസിബിസി വൈസ് ചെയർമാൻ, സിബിസിഐ ഹെൽത്ത് കമ്മിഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എപ്പിസ്കോപ്പൽ കമ്മിഷൻ ചെയർമാൻ എന്നീ പദവികളും വഹിച്ചു.
English Summary: Bishop Joseph Fernandes passed away