കനത്ത ചൂട്: പഴം, പച്ചക്കറി ഉല്‍പാദനം കുറയും; ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ഇത്തവണ വേനല്‍ നേരത്തെ എത്തിയതും കനത്ത ചൂടും മൂലം പഴം, പച്ചക്കറി ഉല്‍പാദനം കുറയും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണമേന്മ താഴാനും വിതരണത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം.
ചൂടു കൂടുന്നതും വേനല്‍ നേരത്തെ എത്തിയതും മൂലം പഴം, പച്ചക്കറി ഉല്‍പാദനം 30 ശതമാനം വരെ ഇത്തവണ കുറയാമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്‍റെ മുന്നറിയിപ്പ്. മാമ്പഴം, കശുവണ്ടി, ലിച്ചി, നാരക വിഭാഗത്തില്‍പ്പെട്ടവ, തണ്ണിമത്തന്‍, വഴപ്പഴം, കാബേജ്, കോളിഫ്ലവര്‍, തക്കാളി, ഇലക്കറികള്‍ എന്നിവയുടെ ഉല്‍പാദനം കുറയും. ഗുണനിലവാരം, തൂക്കം, പോഷകമൂല്യം എന്നിവയെയും പ്രതികൂലമായി ബാധിക്കും. കൂടാതെ ഈര്‍പ്പം വര്‍ധിക്കുന്നത് ഫംഗസ് ബാധയ്ക്കും കീടങ്ങളുടെ ആക്രമണത്തിനും ഇടയാക്കും.
വടക്കേ ഇന്ത്യയില്‍ ഇത്തവണ ചൂട് നേരത്തെ തുടങ്ങി. രാത്രിയും പകലുമുള്ള താപനിലയിലെ അന്തരം കുറയുന്നു. കാലാവസ്ഥയിലെ മാറ്റം വിളവെടുപ്പിന്‍റെ സമയക്രമത്തിലും മാറ്റം വരുത്തും. ഇതു വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നത് വില വര്‍ധനയ്ക്ക് ഇടയാക്കുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. മാര്‍ച്ച്, മേയ് മാസങ്ങൾക്കിടയിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
English Summary: Fruits and Vegetable Prices likely Hike due to Heat Wave