ADVERTISEMENT

കോട്ടയം∙ ബാങ്ക് തട്ടിപ്പിൽ താൻ ഇരയായതായി കാട്ടി ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് നടി ശ്വേത മേനോൻ. നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും അവർക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്ത സ്ഥിരീകരിക്കാൻ ബന്ധപ്പെട്ടപ്പോൾ മനോരമ ഓൺലൈനോടാണ് നടി ഇക്കാര്യം വിശദീകരിച്ചത്.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതിൽ നടി ശ്വേത മേനോനും ഉൾപ്പെടുന്നുവെന്നു കാട്ടിയാണ് നടിയുടെ ചിത്രം ഉൾപ്പെടെ ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് പലർക്കും ലക്ഷങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു റിപ്പോർട്ട്. ശ്വേത മേമൻ എന്നു പേരുളള ടിവി താരമാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യമാണ് നടി ശ്വേത മേനോന്റെ പേര് വാർത്തകളിൽ ഉൾപ്പെടാൻ ഇടയാക്കിയതെന്നാണ് വിവരം.

കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരിൽ പലരും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.

കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോൾ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്‌വേഡ്, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാൽപതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.

English Summary: 40 Bank Customers Lose Lakhs In 3 Days; They Had Just Clicked A Link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com