ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനായി നട തുറന്നു; ദര്‍ശനപുണ്യം തേടി ആയിരങ്ങള്‍
Mail This Article
ചോറ്റാനിക്കര∙ വില്വമംഗലം സ്വാമിക്ക് ദേവി ദർശനം നൽകിയതിന്റെ സ്മരണയിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴലിന് നട തുറന്നു. വിശേഷപ്പെട്ട തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിഞ്ഞു സർവാഭരണവിഭൂഷിതയായി നെയ്‌വിളക്കിന്റെ കാന്തിയിൽ അഭയവരദ മുദ്രകളോടെ ദർശനം നൽകുന്ന ദേവിയെ കാണാൻ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണു മകം തൊഴാൻ ഭക്തർക്ക് അവസരം.
ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടന്നതോടെ മകം ചടങ്ങുകൾക്കു തുടക്കമായി. ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് 7 ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, തുടർന്ന് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെയും സംഘത്തിന്റെയും സ്പെഷൽ നാഗസ്വരം. ഉച്ചയ്ക്ക് 1നു ഒരുക്കങ്ങൾക്കായി നട അടച്ച ശേഷമാണ് മകം ദർശനത്തിനായി 2നു നട തുറക്കുന്നത്. 10.30നു മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്, നാളെ പൂരം എഴുന്നള്ളിപ്പ്, 8ന് ഉത്രം ആറാട്ട്, 9നു കീഴ്ക്കാവിൽ അത്തം വലിയഗുരുതി എന്നിവ നടക്കും.
English Summary: Makam Thozhal at Chottanikkara Bhagavathy Temple