പാലക്കാട്ട് കെ റെയിലില്ല, കൂറ്റനാട്ടിൽനിന്ന് 10 കുട്ട അപ്പം വിറ്റാലും മുതലാകില്ല: പരിഹസിച്ച് ഷംസുദ്ദീൻ
Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ വമ്പിച്ച ബഡായിയാണെന്ന് എൻ.ഷംസുദ്ദീൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് ഷംസുദ്ദീൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളെ കളിയാക്കിയത്. പാലക്കാട് കൂറ്റനാടുനിന്ന് അപ്പം ഉണ്ടാക്കി കെ റെയിലിൽ കൊച്ചിയിൽ കൊണ്ടുപോയി വിൽക്കാം എന്നാണ് എം.വി.ഗോവിന്ദൻ പറയുന്നതെന്നു ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ധനാഭ്യർഥനകളെ എതിർത്ത് നിയമസഭയിൽ സംസാരിക്കുമ്പോഴാണ് ഷംസുദ്ദീൻ ഗോവിന്ദന്റെ വാക്കുകളെ പരിഹസിച്ചത്.
‘പ്രതിരോധ ജാഥയിൽ വമ്പിച്ച ബഡായിയാണ് പറയുന്നത്. മന്ത്രി രാജേഷിന്റെ നാടായ കൂറ്റനാടു ചെന്ന് ഇതാ കെ റെയിൽ വരാൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ അപ്പം ഉണ്ടാക്കുന്ന കുറേ കുടിൽ വ്യവസായങ്ങളുണ്ട്. അവർക്ക് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കെ റെയിലിൽ കയറി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ചുരുങ്ങിയ സമയം കൊണ്ട് മടങ്ങി വരാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നമ്മൾ മുൻപ് അപ്പപ്പാട്ട് കേട്ടിട്ടുണ്ട്. ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’ എന്ന പഴയൊരു പാട്ടിനെ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ മാറ്റി പാടിയല്ലോ. എന്നു പറഞ്ഞതുപോലെ ഒരു അപ്പ പാട്ടാണ് ഗോവിന്ദൻ മാഷ് ഇപ്പോൾ പാടുന്നത്.’ – ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
‘‘അദ്ദേഹം എന്താ പറഞ്ഞത്. കൂറ്റനാടു നിന്ന് അപ്പം ഉണ്ടാക്കി അത് കൊച്ചിയിൽ കൊണ്ടുപോയി വിറ്റശേഷം വീട്ടിൽ തിരികെ വന്ന് ഭക്ഷണം കഴിക്കാം. അത്രയേറെ യാത്രാസൗകര്യമാണ്. ആയിക്കോട്ടെ. എങ്ങനെയാണ് ഈ യാത്രാസൗകര്യം? കൂറ്റനാടുനിന്ന് കെ റെയിലിൽ കയറാൻ കഴിയില്ല. കെ റെയിലിന്റെ പട്ടികയിൽ പാലക്കാട് ജില്ലയില്ല. പാലക്കാട് ഒരു സ്റ്റേഷനും ഇല്ല. കൂറ്റനാടുനിന്ന് കെ റെയിലിൽ കയറണമെങ്കിൽ ഒന്നുകിൽ തിരൂരിലോ തൃശൂരിലോ പോകണം. ഇതിനായി ഒന്നര മണിക്കൂർ – രണ്ടു മണിക്കൂർ യാത്ര ചെയ്യണം. ഒരു വശത്തേക്ക് 700 രൂപയാണ് കെ റെയിലിൽ ടിക്കറ്റ് ചാർജായി പറയുന്നത്. തിരികെ വരാനും മറ്റു ചാർജുകളും ചേർത്ത് 2000 രൂപയാകും. ഒരു കുട്ടയല്ല, പത്തു കുട്ട അപ്പം വിറ്റാലും മുതലാകില്ല. ഇത്തരം ബഡായികളാണ് ആ ജാഥയിൽ പറയുന്നത്’– ഷംസുദ്ദീൻ പരിഹസിച്ചു.
English Summary: N Shamsudheen Takes A Dig At MV Govindan