ADVERTISEMENT

ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും ചുമതലയേറ്റു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവർ ഉപമുഖ്യമന്ത്രിമാരായത് മന്ത്രിസഭയിൽ എൻപിപിയുടെ കരുത്ത് തെളിയിക്കുന്നതായി.

ബിജെപിയുടെ അലക്‌സാണ്ടർ ലാലു ഹെക്, യുഡിപിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്എസ്പിഡിപിയുടെ ഷക്ലിയാർ വാർജ്രി എന്നിവരും മന്ത്രിമാരായവരിൽ ഉൾപ്പെടുന്നു. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ എൻപിപിക്ക് 8 മന്ത്രിമാരാണുള്ളത്. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവുമുണ്ട്. തങ്ങളുടെ 2 എംഎൽഎമാർക്കും മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. 12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി - ജയന്റിയ ഹിൽസിൽനിന്നുമാണ്.

11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായിരുന്നു. 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, തൃണമൂൽ എന്നിവരോടൊപ്പം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്ന യുഡിപി അവസാനനിമിഷമാണു സാങ്മയ്ക്കൊപ്പം ചേർന്നത്. ഇന്നലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.

English Summary: Meghalaya: Conrad Sangma-led coalition ministry sworn in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com