നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ എൻസിപി
Mail This Article
കൊഹിമ∙ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന ഘടകത്തിന്റെ നിർദേശം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു. അതേസമയം, ബിജെപി-എൻഡിപിപി ഭരണസഖ്യത്തിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴും നേടിയ എൻസിപി, മറ്റു പ്രതിപക്ഷ പാർട്ടികളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബാക്കിയുള്ള അഞ്ച് സ്ഥാനാർഥികളും മികച്ച വോട്ടുകളും നേടിയിരുന്നു. മാർച്ച് 4ന് കൊഹിമയിൽ നടന്ന എൻസിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷ സ്ഥാനം വഹിക്കണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു.
സംസ്ഥാനത്തിന്റെ വിശാലതാൽപ്പര്യത്തിനും എംഎൽഎമാർക്ക് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും പ്രാദേശിക ഘടകത്തിനും ഉണ്ടായിരുന്നത്. തുടർന്ന് തീരുമാനം ദേശീയ അധ്യക്ഷൻ ശരദ് പവാറിന് വിട്ടുകൊടുത്തു. അഭിപ്രായം ശരദ് പവാർ അംഗീകരിക്കുകയായിരുന്നു.
English Summary: Sharad Pawar clears proposal of NCP's Nagaland MLAs to join Neiphiu Rio's govt