സ്വേഛാധിപതിയെ വിറപ്പിച്ച നീന്തൽ റാണി; തടവറ തുറന്നിട്ട് പുട്ടിന്റെ ‘യുദ്ധക്കൂട്ടുകാരൻ’
Mail This Article
നൊബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഏൽസ് ബിയാലിയാറ്റ്സ്കിയെ കഴിഞ്ഞ ദിവസമാണ് ബെലാറൂസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്കു സാമ്പത്തിക, നിയമസഹായം നൽകിയെന്നാരോപിച്ചായിരുന്നു ബെലാറൂസ് കോടതി ഈ അറുപതുകാരനെ ശിക്ഷിച്ചത്. ശിക്ഷ ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷനേതാവ് സ്വറ്റ്‌ലാന സിഖാനോസ്ക്യയുടെ പ്രതികരണം. ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. തൊട്ടടുത്ത ദിവസം ബെലാറൂസിലെ മറ്റൊരു കോടതിയുടെ വിധിയെത്തി– സ്വറ്റ്‌ലാനയെ 15 വർഷത്തേക്ക് തടവിനു ശിക്ഷിച്ചിരിക്കുന്നു! എന്നാൽ അവരെ യാതൊന്നും ചെയ്യാൻ ബെലാറൂസിനായില്ലെന്നു മാത്രം. കാരണം, അവരിപ്പോൾ അയൽരാജ്യമായ ലിത്വാനിയയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവർ മാത്രമല്ല, ഏതു നിമിഷവും അറസ്റ്റിലാകുമെന്നു ഭയന്ന് ബെലാറൂസിൽനിന്ന് ഓടിപ്പോയവർ ഒട്ടേറെയാണ്. അതിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും കായികതാരങ്ങളും വരെയുണ്ട്. ആ രാജ്യത്തെ ജയിലിൽ കുടുങ്ങിക്കിടക്കുന്നവരും ഏറെ. ചോരക്കൊതിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പങ്കാളി എന്നു വരെ ജനം വിശേഷിപ്പിക്കുന്ന അലക്സാണ്ടർ ലുക്കാഷെൻകോ ഇപ്പോൾ യുക്രെയ്ൻ യുദ്ധഭൂമിയിലേക്കും കണ്ണെറിഞ്ഞിട്ടുണ്ട്. ബെലാറൂസിലെ സൈനികർക്കൊപ്പം റഷ്യ സംയുക്ത പരിശീലനം വരെ നടത്തിക്കഴിഞ്ഞു. നിലവിൽ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കുകയാണെങ്കിലും ‘ബിഗ് ബ്രദർ’ പുട്ടിൻ പറഞ്ഞാൽ ഏതു നിമിഷവും യുദ്ധത്തിന് സജ്ജമാണെന്നാണ് ലുക്കാഷെൻകോ വ്യക്തമാക്കിയിരിക്കുന്നത്. ബെലാറൂസ് ഭരണകൂടം റഷ്യയെ ഇത്രയേറെ ‘സ്നേഹിക്കുന്നത്’ എന്തുകൊണ്ടാണ്? ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുന്നത് ലുക്കാഷെൻകോ തുടരുമ്പോൾ എന്താണ് യഥാർഥത്തിൽ ബെലാറൂസിലെ പ്രശ്നം? എന്തിനാണ് കായികതാരങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും തിരഞ്ഞുപിടിച്ച് ഈ ഏകാധിപതി തടവിലേക്ക് അയയ്ക്കുന്നത്? ആരാണ് ഹെറാസിമേനിയയും ഒപെകിനും? ലുകാഷെങ്കോ ബെലാറൂസിന്റെ സ്വേച്ഛാധിപതിയായി തുടരുന്നത് എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.