ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് ഷി ചിൻപിങ്ങിന് മൂന്നാമൂഴം; വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Mail This Article
ബെയ്ജിങ് ∙ ചൈനയിൽ പുതിയ ചരിത്രമെഴുതി പ്രസിഡന്റ് സ്ഥാനത്ത് ഷി ചിൻപിങ്ങിന് മൂന്നാം ഊഴം. ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന വിശേഷണം ഊട്ടിയുറപ്പിച്ചാണ് ഷി ചിൻപിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) തലവനായി ഇക്കഴിഞ്ഞ ഒക്ടോബറിൽ അഞ്ച് വർഷത്തേക്കു കൂടി ഷി ചിൻപിങ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ഔപചാരികമായി തിരഞ്ഞെടുത്തത്.
10 വർഷത്തിനുശേഷം സ്ഥാനമൊഴിയുന്ന രീതിയാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്‌വഴക്കം. അതേസമയം, ഷി ചിൻപിങ്ങിനെ പാർട്ടിയുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത ചൈനീസ് പാർട്ടി കോൺഗ്രസ്, കഴിഞ്ഞ ഒക്ടോബറിൽ മൂന്നാം ഊഴത്തിന് അംഗീകാരം നൽകി പാർട്ടി ഭരണഘടനാ ഭേദഗതി വരുത്തിയിരുന്നു.
ചിൻപിങ്ങിന്റെ മൂന്നാം തുടർഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റിൽ ചൈന പ്രതിരോധച്ചെലവ് വർധിപ്പിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെ അതിർത്തി മേഖലകളിൽ യുദ്ധസജ്ജരായിരിക്കാൻ സൈന്യത്തോട് പ്രധാനമന്ത്രി ലീ കെച്യാങ് നിർദേശിക്കുകയും ചെയ്തു.
English Summary: China's Xi, Handed Historic 3rd Term, May Rule Well Into His Seventies