തടിച്ചുകൊഴുത്തത് കരാറുകാര്‍; ജനം പുഴുത്ത് മരിക്കുന്ന അവസ്ഥ: ടി.പദ്മനാഭന്‍
Mail This Article
കൊച്ചി∙ ബ്രഹ്മപുരത്ത് തടിച്ചുകൊഴുത്തത് കരാറുകാരെന്ന് എഴുത്തുകാരന്‍ ടി.പദ്മനാഭന്‍. മാറിമാറി വരുന്ന ഭരണാധികാരികള്‍ പരസ്പരം പഴിചാരുന്നു. ബ്രഹ്മപുരത്തെ ജനം പുഴുത്തു മരിക്കുന്ന അവസ്ഥയാണ്. കേരളത്തില്‍ മാലിന്യസംസ്കരണം എന്ന് പറഞ്ഞാല്‍ മാലിന്യം തള്ളലാണ്. സാംസ്കാരിക നായകര്‍ പ്രതികരിച്ചാല്‍ പ്രശ്നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് 'സ്മോക് സിറ്റി, സേവ് കൊച്ചി' ലൈവത്തണില്‍ പ്രതികരിക്കുകയായിരുന്നു ടി. പദ്മനാഭൻ.
‘ഞാൻ ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും സഞ്ചരിച്ചിട്ടുണ്ട്. ഇതു പോലെ മാലിന്യം എവിടെയും കണ്ടിട്ടില്ല. ഞാൻ യാത്രകളിൽ ഇത് ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ ഹൈവേകളുടെ ഇരുവശങ്ങളും മാലിന്യമാണ്. തോടുകളും പുഴകളും, കക്കൂസ് മാലിന്യവും കോൺക്രീറ്റ് മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കേരളത്തിൽ മാത്രമേ ഈ ഒരു അവസ്ഥ കാണാൻ സാധിക്കൂ. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേൽക്കുന്നതിനു മുൻപ് ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപർ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. പുതിയ സർക്കാരിന്റെ സത്വര ശ്രദ്ധയിൽപെടുത്തേണ്ട അഞ്ചു കാര്യങ്ങൾ എഴുതണം. ഞാൻ എഴുതിയതിൽ ഒരു കാര്യം നഗരമാലിന്യങ്ങളുടെ സംസ്കരണം ആയിരുന്നു’ – ടി.പദ്മനാഭൻ പറഞ്ഞു.
English Summary: The writer T Padmanabhan says that the contractors were fattened in Brahmapuram