ADVERTISEMENT

കൽപറ്റ∙ വയനാട് ജില്ലയുടെ 34-ാമത് കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10ന് കലക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് രേണു രാജിനെ കഴിഞ്ഞയാഴ്ച വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു സ്ഥലംമാറ്റം.

സ്ഥലംമാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമാണെന്നു ചുമതലയേറ്റ ശേഷം രേണു രാജ് പ്രതികരിച്ചു. ബ്രഹ്മപുരം വിഷയത്തിൽ കലക്ടർ എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തെന്നും അവർ വ്യക്തമാക്കി. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.

ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലക്ടര്‍ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലും സന്ദര്‍ശനം നടത്തി.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രേണു രാജ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പ്രവേശനം. ആലപ്പുഴ ജില്ലാ കലക്ടര്‍, തൃശൂര്‍, ദേവികുളം സബ് കലക്ടര്‍, അര്‍ബന്‍ അഫേഴ്‌സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

English Summary: Dr.Renu Raj Took Charge as Wayanad Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com