ADVERTISEMENT

ന്യൂഡൽഹി∙ ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ക്രൈസ്തവ പുരോഹിതർ വസ്തുതകൾ പറയുമ്പോൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് കോൺഗ്രസും സിപിഎമ്മും ഇത്ര അസ്വസ്ഥരാകുന്നത്?. കർഷകർക്ക് വേണ്ടിയാണ് ബിഷപ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്നവരെ സഹായിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാലാ ബിഷപ് നർക്കോട്ടിക് ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും സിപിഎമ്മും കോൺഗ്രസും വിമർശിച്ചു. കേരളത്തിലെ ബിഷപ്പുമാർക്ക് സിപിഎമ്മും കോൺഗ്രസും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചാൽ അവർ ചാടി വീഴുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടു ബാങ്കുകളായി മാത്രമായാണ് കാണുന്നത്. അതാണ് ഇത്ര പരിഭ്രമമെന്നും അദ്ദേഹം പറഞ്ഞു. 

ബിഷപ്പുമാർ സ്വന്തം സമുദായത്തെയും കർഷകരെയും പറ്റി പറയുന്നതിൽ എന്തിനാണിത്ര വെപ്രാളം. ബിജെപിയെ പിന്തുണയ്ക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ല. റബർ വില കൂട്ടുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലാണ് ക്രൈസ്തവർ ആക്രമിക്കപ്പെട്ടത്. മോദി ന്യൂനപക്ഷ വിരുദ്ധനെന്ന കോൺഗ്രസ് പ്രചാരണം ക്രൈസ്തവർ തള്ളി. റബർ കർഷകർക്കായി കേന്ദ്രം ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റബറിന്റെ താങ്ങുവില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ എംപിമാരില്ലെന്ന വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന മാർ പാംപ്ലാനിയുടെ വാക്കുകൾ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തു വന്നു. ആലക്കോട് കർഷക റാലിയിൽ പ്രസംഗിക്കുമ്പോഴാണ്, റബറിന് 300 രൂപ വില ഉറപ്പാക്കിയാൽ പിന്തുണയ്‌ക്കാമെന്ന വാഗ്ദാനം അദ്ദേഹം നൽകിയത്. 

English Summary: V.Muraleedharan criticizes congress and CPM in Mar Joseph Pamplany speech issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com