‘കാപികോയിലെ എല്ലാ കെട്ടിടങ്ങളും പൊളിക്കണം’: മുന്നറിയിപ്പുമായി സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ ആലപ്പുഴ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കാപികോ റിസോർട്ട് പൊളിക്കൽ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. പൂർണമായും പൊളിക്കാത്തപക്ഷം മാർച്ച് അവസാനം ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കൽ നടപടികൾ വേഗത്തിലാക്കുകയും കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച് ഒരു പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഏതാണ്ട് ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചു നീക്കിയെന്നും ഇനി ഏതാനും കെട്ടിടങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഈ സത്യവാങ്മൂലമാണ് ഇന്ന് കോടതി പരിഗണിച്ചത്.
നിലവിലെ പുരോഗതി പരിഗണിച്ച കോടതി, ബാക്കിയുള്ള കെട്ടിടങ്ങൾ കൂടി എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന നിർദേശം വച്ചു. അടുത്ത വെള്ളിയാഴ്ചയ്ക്കകം പൊളിച്ചു നീക്കണമെന്ന കർശന നിർദേശമാണ് കോടതി നൽകിയത്.
English Summary: Supreme Court warning on Kapico resort demolition