മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടിസ് പിൻവലിച്ച് ഇന്റർപോൾ; തിരിച്ചടി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടിസ് ഇന്റർപോൾ നീക്കി. മെഹുൽ ചോക്സിയുടെ അപേക്ഷ അംഗീകരിച്ചാണ് നടപടി. ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്ക് ഇനി ഏതു രാജ്യത്തേക്കും പോകാൻ കഴിയും. ഇതേക്കുറിച്ച് സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈമാറ്റം, കീഴടങ്ങൽ തുടങ്ങിയവ തീർപ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ഇന്റർപോൾ നൽകുന്ന ഏറ്റവും ഉയർന്ന അലർട്ടാണ് റെഡ് കോർണർ നോട്ടിസ്. 2018 ഡിസംബറിലാണ് സിബിഐ ആവശ്യപ്രകാരം ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്.
പഞ്ചാബ് നാഷനൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുകയായിരുന്നു. കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ പൗരത്വമെടുത്ത ചോക്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. റെഡ് കോർണർ നോട്ടിസ് പിൻവലിച്ചത് ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തടസ്സമാവില്ലെന്നാണ് സൂചന. ഇന്ത്യൻ ഏജൻസികൾ ഇന്റർപോൾ നടപടിയെ എതിർത്തെങ്കിലും വിഷയത്തിൽ അനുകൂല നടപടി സ്വീകരിച്ചില്ല.
English Summary: Mehul Choksi Off Interpol List