പഞ്ചാബിലെ ‘പാക്ക് ചാരൻ’? അമിത് ഷായ്ക്കു നേരെയും ഭീഷണി; ആയുധമൊരുക്കി അമൃത്‌പാൽ
Mail This Article
ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ദൗത്യങ്ങളിലൊന്നിനാണ് 1984 ജൂണിൽ പഞ്ചാബിലെ അമൃത്‌സർ സാക്ഷ്യം വഹിച്ചത്– ഓപ്പറേഷൻ ബ്ലൂസ്റ്റാർ. സുവർണക്ഷേത്രത്തിൽ കയറിക്കൂടിയ സിഖ് വിഘടനവാദികളെ പിടികൂടുകയും അവർ അവിടെ ശേഖരിച്ച ആയുധങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു ആ സൈനിക ദൗത്യത്തിന്റെ ലക്ഷ്യം. സിഖുകാർക്ക് ഒരു സ്വതന്ത്ര പരമാധികാര രാജ്യം അഥവാ ഖൽസ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട ഖലിസ്ഥാൻ പ്രസ്ഥാനം പഞ്ചാബിൽ പടർന്നു പന്തലിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അന്ന് സുവർണക്ഷേത്രത്തിൽ ആയുധങ്ങൾ സംഭരിച്ച് സായുധ കലാപത്തിന് നേതൃത്വം നൽകിയത് ജർണയിൽ സിങ് ഭിന്ദ്രൻവാല എന്ന ഖലിസ്ഥാൻ നേതാവാണ്. ദേശീയ ആഭ്യന്തര സുരക്ഷയ്ക്ക് ഇത് ഭീഷണിയായതോടെ ഇന്ദിരാ ഗാന്ധി സർക്കാരിന്റെ നിർദേശപ്രകാരം സൈന്യം സുവർണക്ഷേത്രത്തിൽ പ്രവേശിച്ച് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള ഖലിസ്ഥാൻ വിഘടനവാദികളെ കൊലപ്പെടുത്തി. എന്നാൽ ആ വർഷം ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധിക്ക് ഇതിനു പകരമായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ. ഇന്ത്യയുടെ കറുത്ത ദിനങ്ങളിൽ ഒന്നായി അടയാളപ്പെടുത്തിയ ആ സംഭവങ്ങൾക്ക് 2024 ൽ 40 വർഷം പൂർത്തിയാകും. ഇതിനിടെയാണ് രണ്ടാം ഭിന്ദ്രൻവാല എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ഖലിസ്ഥാൻവാദി വീണ്ടും വാർത്തകളിൽ നിറയുന്നത് .പഞ്ചാബ് സർക്കാരിനും പൊലീസിനും എന്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിനു പോലും ഒരുപോലെ തലവേദന സൃഷ്ടിച്ച അമൃത്പാൽ സിങ്. എവിടെനിന്നാണ് ഇയാളുടെ വരവ്. എന്താണ് ഇയാളുടെ ലക്ഷ്യം? ഇയാളുടെ അനുയായികളുടെ പ്രവർത്തനം തടയാനായി ഇന്റർനെറ്റ് സേവനം പോലും തടയേണ്ട അവസ്ഥയിലെത്തി ഇത്തവണ ഒരു ഘട്ടത്തിൽ പഞ്ചാബിലെ പൊലീസ്. എങ്ങനെയാണ് ചുരുങ്ങിയ കാലയളവില്‍ അമൃത്‌പാൽ സിങ് ഇത്രയേറെ അനുയായികളെ സൃഷ്ടിച്ചത്? അതോ നേരത്തേ മുതൽ അണിയറയിൽ മറഞ്ഞിരുന്ന് തന്ത്രങ്ങൾ ഒരുക്കുകയായിരുന്നോ ഇയാൾ? കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതി വരുമെന്നു വരെ ഭീഷണി മുഴക്കിയ അമൃത്പാൽ സിങ് യഥാർഥത്തിൽ ആരാണ്? എന്തിനാണ് ഇയാളെ സംസ്ഥാനത്തെ ആംആദ്മി പാർട്ടി സർക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഒരുപോലെ സംശയദൃഷ്ടിയോടെ കാണുന്നത്?..കാണാം മനോരമ എക്സ്പ്ലെയിനർ