സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നു; 10,000 ഡോസ് വാക്സീന്‍ ആവശ്യപ്പെട്ട് കേരള സർക്കാർ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് കോവിഡ് വാക്സീന്‍ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് കോവിഡ് വാക്സീന്‍ ഈ മാസം പാഴാകും. കോവിഡ് വാക്സീന് ആവശ്യക്കാര്‍ കുറഞ്ഞതാണ് പാഴായിപ്പോകാനുള്ള കാരണം.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്പ്പെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ വാക്സീന്‍ സ്വീകരിച്ചത് 1081 പേര്‍ മാത്രമാണ്. കോവിഷീല്‍ഡ് വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സീനും 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. മൂന്നാം ഡോസ് സ്വീകരിച്ചത് വെറും 30 ലക്ഷം പേര്‍ മാത്രമാണ്.
ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സീന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതുകൊണ്ട് ചിലർ വാക്സീനെടുക്കാൻ എത്തുന്നുണ്ട്. അതുകൊണ്ട് വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയില്ല. കോവിഡ് കേസുകള്‍ ഉയരുന്നതുകൊണ്ട് വീണ്ടും വാക്സീന്‍ ആവശ്യം ഉണ്ടായേക്കാം. ഇതുകൂടി കണക്കിലെടുത്താണ് പതിനായിരം ഡോസ് സംസ്ഥാനം വാക്സീന്‍ ശേഖരിക്കുന്നത്.
English Summary: Covid cases rise state demanding 10,000 doses vaccine