ADVERTISEMENT

തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (എൽ) പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച്, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കാനും കോര്‍പറേഷൻ മുഖേന നടപ്പിലാക്കാൻ നിര്‍ദേശം നല്‍കാനും എംപവേര്‍ഡ് കമ്മിറ്റിക്ക് അധികാരമുണ്ടാകും.

മാലിന്യ സംസ്കരണത്തിനായുള്ള പ്രചാരണ ക്യാംപെയ്ൻ സംഘടിപ്പിക്കാനുള്ള പദ്ധതി കോര്‍പറേഷനോട് നിര്‍ദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശം ഏതെങ്കിലും കാരണവശാൽ കോര്‍പറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ, പ്രവര്‍ത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താം. ഇതിനായി കോര്‍പറേഷന്റെ വികസന ഫണ്ട് ഉള്‍പ്പെടെ വകയിരുത്താന്‍ ആവശ്യമായ നിര്‍ദേശം നല്‍കാനും കമ്മിറ്റിക്ക് കഴിയും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം‍ തയാറാക്കി കോര്‍പറേഷൻ കൗൺസിലിന് മുൻപാകെ എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം. നിര്‍ദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ, നടപ്പിലാക്കാതിരിക്കുകയോ, തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേര്‍ഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നല്‍കി പദ്ധതി നടപ്പിലാക്കാനാകും. ആവശ്യമായ ഫണ്ട് കോര്‍പറേഷനോട് ലഭ്യമാക്കാൻ നിര്‍ദേശിക്കാം. ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നല്‍കി സാധൂകരണം നല്‍കിയാല്‍ മതി. 

സുലേഖ സോഫ്റ്റ്‌വെയറിൽ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതോടൊപ്പം മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ ഏതെങ്കിലും കാരണവശാൽ കോര്‍പറേഷൻ സ്വീകരിച്ചില്ലെങ്കിൽ, ആ നടപടി നേരിട്ട് സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണത്തിന് ഉപാധി ഏര്‍പ്പെടുത്തുന്നതിനും, പൊതു ഇടങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കാനും, ജലാശയങ്ങള്‍ മലിനമാകാതെ കാത്തുരക്ഷിക്കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശവും നിശ്ചിത സമയക്രമത്തിന് അനുസരിച്ച് നടപ്പിലാക്കാനും കമ്മിറ്റി ശ്രദ്ധിക്കും.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോര്‍പറേഷനിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ശാശ്വത പരിഹാരം കാണാനുമാണ് എംപവേര്‍ഡ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ അധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കൺവീനറുമായ കമ്മിറ്റിയിൽ, വിവിധ വിഭാഗത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ പതിമൂന്ന് അംഗങ്ങളാണുള്ളത്.

English Summary: Empowered committee to ensure waste management in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com