ലൈഫ് മിഷൻ കോഴക്കേസ്: യുണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം
Mail This Article
കൊച്ചി ∙ ലൈഫ് മിഷൻ കോഴക്കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സന്തോഷ് ഈപ്പന്റെ അഭിഭാഷകൻ ജാമ്യഹർജി സമർപ്പിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജാമ്യത്തെ എതിർത്തെങ്കിലും, അന്വേഷണവുമായി സഹകരിക്കുന്നുവെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയാണ് നിർമാണ കരാർ നേടിയ യൂണിടാക് കമ്പനിയുടെ ഉടമ കുന്നംകുളം സ്വദേശി സന്തോഷ് ഈപ്പൻ. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷം ഈ മാസം 20നാണ് സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തത്.
പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമാണം തുടങ്ങുന്നതിനു മുൻപുതന്നെ ബാങ്കിൽ നിന്നു പിൻവലിച്ചു ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവർക്കും കോഴയായി നൽകിയെന്നാണു സന്തോഷ് ഈപ്പനെതിരായ കേസ്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ചട്ടവിരുദ്ധമായി വിദേശസംഭാവന സ്വീകരിച്ചതിനു സിബിഐ റജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ്.
കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാണെന്നാണ് ഇഡിയുടെ നിഗമനം.
English Summary: Santhosh Eapen Granted Bail In Life Mission Case