ദോക്‌ലാ തര്‍ക്കം: ചൈനയെ പിന്തുണച്ച് ഭൂട്ടാൻ പ്രധാനമന്ത്രി; ഇന്ത്യയ്ക്ക് ആശങ്ക
Mail This Article
ന്യൂഡൽഹി∙ ദോക്‌ലായിൽ ഇന്ത്യ – ചൈന സേനകൾ മുഖാമുഖം വന്നുള്ള സംഘർഷത്തിന് ആറു വർഷമാകുമ്പോൾ ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളിൽ ഇന്ത്യയ്ക്ക് ആശങ്ക. ചൈനയെ പിന്തുണച്ച് പ്രധാനമന്ത്രി ലോതയ് ഷെറിങ് നടത്തിയ പരാമർശങ്ങളാണ് ആശങ്കയ്ക്കു പിന്നിൽ. ദോക്‌ലാ പ്രദേശത്തിനുമേലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ ബെയ്ജിങ്ങിനും തുല്യ അവകാശമുണ്ടെന്നാണ് ഷെറിങ് ബെൽജിയം മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘‘ഭൂട്ടാനു മാത്രമായി ഈ പ്രശ്നം പരിഹരിക്കാനാകില്ല. ഞങ്ങൾ മൂന്നു പേരുണ്ട്. ഇതിൽ ചെറിയ രാജ്യമെന്നതോ വലിയ രാജ്യമെന്നതോ വിഷയമല്ല. മൂന്നും ഒരുപോലുള്ള രാജ്യങ്ങളാണ്. ചർച്ചയ്ക്ക് ഞങ്ങൾ തയാറാണ്. മറ്റു രണ്ടുപേർക്കൂടി തയാറായാൽ മതി.’’ – ഷെറിങ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സിക്കിം, ഭൂട്ടാന്റെ ഹാ ഡിസ്ട്രിക്ട്, ചൈനയുടെ ചുംബി താഴ്‌വര എന്നിവയുടെ മധ്യേ കിടക്കുന്ന ഉയർന്ന പ്രതലമാണ് ദോക്‌ലാ. പ്രദേശം ഇപ്പോൾ ചൈനയുടെ കൈവശമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഈ പ്രദേശത്തിനുമേൽ ചൈന അവകാശവാദം ഉന്നയിക്കുമ്പോൾ ഇന്ത്യയുടെ സിലിഗുരി ഇടനാഴിയുമായി (വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി ചേർക്കുന്ന ഇടനാഴി) ചേർന്നാണ് ദോക്‌ലായുടെ കിടപ്പെന്നതാണ് രാജ്യത്തെ അസ്വസ്ഥമാക്കുന്നത്.
English Summary: In Doklam Standoff, Bhutan PM's China Comment Raises Concern In India