‘കത്തിച്ചതല്ല, ബ്രഹ്മപുരത്തേത് സ്വാഭാവിക തീപിടിത്തം’; റിപ്പോര്‍ട്ട് തിരക്കഥയെന്ന് സതീശൻ
Mail This Article
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായത് സ്വാഭാവിക തീപിടിത്തമെന്ന് ഫൊറൻസിക് റിപ്പോർട്ട്. മനഃപൂർവം തീയിട്ടതിന് തെളിവ് ലഭിച്ചില്ല. ചൂട് കൂടിയപ്പോൾ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിൽ തീപിടിച്ചെന്നാണ് നിഗമനം.
ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ സ്വാഭാവിക തീപിടിത്തങ്ങളാണെന്ന റിപ്പോർട്ടുകളാണ് ഓരോ സമയത്തും പുറത്തുവന്നത്. ഇത്തവണയുണ്ടായതും സ്വഭാവിക തീപിടിത്തമാണെന്ന റിപ്പോർട്ടാണ് ഫൊറൻസിക് സംഘം പൊലീസിനു നൽകിയത്. തൃശൂർ ഫൊറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ടാണ് ലഭിച്ചത്.
തീ അണച്ചതിനു തൊട്ടു പിന്നാലെ പത്തംഗം സംഘം ബ്രഹ്മപുരത്തെത്തി സാംപിളുകൾ ശേഖരിച്ചിരുന്നു. പ്ലാന്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് സാംപിളുകൾ ശേഖരിച്ചത്. മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടിൽ മീഥെയ്ൻ വാതകങ്ങൾ രൂപപ്പെടുകയും അതേ തുടർന്നുണ്ടായ ചൂട് മൂലം തീപിടിത്തമുണ്ടായി എന്നുമാണ് നിഗമനം. ഇങ്ങനെയുണ്ടായ തീ പിന്നീട് മാലിന്യകൂമ്പാരത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ പെട്ടെന്ന് വ്യാപിക്കാൻ കാരണമാകുന്ന പേപ്പർ, പ്ലാസ്റ്റിക്, സാനിറ്റൈസർ എന്നിവയുടെ സാന്നിധ്യം മാലിന്യകൂമ്പാരത്തിൽ ഏറെയുണ്ടായിരുന്നതായും പറയുന്നു. ഒപ്പം കാറ്റ് വീശിയതും വലിയ രീതിയിൽ തീ പടരാൻ കാരണമായി. റിപ്പോർട്ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് തിരക്കഥയ്ക്ക് അനുസരിച്ച് തയാറാക്കിയതെന്ന് സതീശന്‍ ആരോപിച്ചു.
English Summary: Brahmapuram fire: forensic report hints at sub-surface fire as the trigger