ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയയ്ക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

കോവിഡ് മാർഗനിർദേശങ്ങൾ:

1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റു അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് ഇന്‍ഫ്ലുവന്‍സ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.

3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിക്കുള്ളില്‍ മാസ്‌ക് ധരിക്കണം. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തണം.

5. ഇന്‍ഫ്ലുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം.

6. കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.

7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഇവര്‍ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടണം. വീട്ടിലുള്ള കിടപ്പു രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കണം.

9. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കണം.

10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണം.

English Summary: Health Department Issues new Covid-19 guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com