കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത് ‘പ്രതി’ അല്ല; ഷാറൂഖ് കാണാമറയത്ത് തന്നെ
Mail This Article
കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്‌ഫിയെ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലും നിരാശ. കാലിനു പൊള്ളലേറ്റതിനെ തുടർന്നു ചികിത്സ തേടിയെത്തിയ ആൾക്ക് രേഖാച്ചിത്രത്തിലെ മുഖവുമായി രൂപസാദൃശ്യമുണ്ടെന്നായിരുന്നു വിവരം. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും അതു പ്രതിയെന്നു സംശയിക്കുന്നയാൾ അല്ലെന്നു വ്യക്തമായി.
കേസിലെ നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പൊലീസ് ഇന്ന് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും അതിൽ മുഖം വ്യക്തമായിരുന്നില്ല. രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്.
English Summary: Kozhikode Train Fire: Sketch of Suspect; Search at Kannur District Hospital