ADVERTISEMENT

പാലക്കാട്∙ അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 7 വർഷം കഠിന തടവും 1.05 ലക്ഷം പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പിഴത്തുകയുടെ 50 ശതമാനം മധുവിന്റെ അമ്മയ്ക്കും ബാക്കി സഹോദരിമാർക്കും നൽകണം. 

ആൾകൂട്ട ആക്രമണങ്ങൾ അവസാനത്തേതാകട്ടെയെന്ന് വിധി പ്രസ്താവത്തിനിടെ ജഡ്ജി പറഞ്ഞു. മണ്ണാർക്കാട് പട്ടികജാതി – വർഗ പ്രത്യേക കോടതിയുടേതാണ് വിധി. കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു പ്രതികളെ വിട്ടയച്ചിരുന്നു. 

കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പ്രതികളും തെളിഞ്ഞ കുറ്റങ്ങളും

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദനം തുടങ്ങിയവയ്ക്കു പുറമേ പട്ടികജാതി – വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. കെ‍ാലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും 2 പേരെ വിട്ടയച്ചതിനെതിരെയും അപ്പീൽ നൽകുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. നാലാം പ്രതി അനീഷ്, 11–ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്.

സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂട്ടർമാരുടെ മാറ്റവുമുൾപ്പെടെ ഏറെ വെല്ലുവിളികൾ നേരിട്ട കേസിന്റെ വിചാരണ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണു പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. കൊലപാതകം നടന്ന് ഒന്നര വർഷത്തിനു ശേഷം മധുവിന്റെ അമ്മയുടെ പരാതിയെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. ആവശ്യമായ സൗകര്യങ്ങൾ കിട്ടാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ആദ്യ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞു. കേസിൽ നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോന്റെ നേതൃത്വത്തിലാണു വിചാരണ പൂർത്തീകരിച്ചത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചു കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മർദിച്ച് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചുവെന്നാണു കേസ്.

വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്ന വനം വകുപ്പു കേസും നിലവിലുണ്ട്. കാട്ടിൽ പോയി മധുവിനെ പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുക്കാലിയിൽ ആൾക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.

English Summary: Attapadi Madhu murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com