ADVERTISEMENT

വാരാണസി∙ ഭോജ്പുരി നടി അകാൻഷ ദുബെ (25)യെ സാരാനാഥിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇരുവരും രാജ്യം വിടുന്നത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലേക്കും അവരുടെ വിശദാംശങ്ങൾ അയച്ചിട്ടുണ്ടെന്ന് സാരാനാഥ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധർമ്മപാൽ സിങ് പറഞ്ഞു.

മരണത്തിൽ ദുരൂഹത ആരോപിച്ച് അകാൻഷയുടെ അമ്മ മധു ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമർ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. അകാൻഷയും സമറും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ മാസം 26നാണ് അകാൻഷയെ ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം. അകാൻഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് മെഡിക്കൽ വിദഗ്ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. .

സംഭവം സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കണമെന്നു ത്രിപാഠി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. അകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ത്രിപാഠി ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന അമ്മയുടെ ആവശ്യം വകവയ്ക്കാതെയാണ് ആകാൻഷയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള അകാൻഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്. കസം പൈദ കർണേ വാലേ കി 2, മുജ്സേ ഷാദി കരോഗി, വീറോൻ കി വീർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അകാൻഷയുടെ അവസാന മ്യൂസിക് വിഡിയോ ഗാനമായ ‘യേ ആരാ കഭി ഹാരാ നഹി’ മരണദിവസമാണ് യുട്യൂബിൽ റിലീസ് ചെയ്തത്.

English Summary: Look Out Notice For Bhojpuri Singer In Actor Akanksha Dubey's Alleged Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com