ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ–ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച എല്ലാ ആശുപത്രികളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. ഏപ്രിൽ 10, 11 തീയതികളിൽ മോക്ഡ്രിൽ നടത്താനാണ് സംസ്ഥാനങ്ങൾക്കു കിട്ടിയ നിർദേശം. ഏപ്രിൽ 8, 9 തീയതികളിൽ ഇതു സംബന്ധിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും വിലയിരുത്തണമെന്നും അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത വെർച്വൽ വിശകലന യോഗത്തിൽ, കോവിഡിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു നിർദേശം. കോവിഡ് ഹോട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കോവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണം.  ആശുപത്രി സൗകര്യങ്ങൾ കൂട്ടണം. കോവിഡ് വകഭേദങ്ങള്‍ക്കു സംഭവിക്കുന്ന ജനിതക മാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. കഴിഞ്ഞ തവണ കോവിഡ് വ്യാപനമുണ്ടായപ്പോൾ ചെയ്തതുപോലെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മാണ്ഡവ്യ നിർദേശിച്ചു.‌

ഒമിക്രോൺ വകഭേദമാണ് രോഗവ്യാപനത്തിന് പിന്നിലെന്നതിനാൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി.

English Summary: Amid Covid Spike, Health Minister Orders Mock Drills In States Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com