6,000 കടന്ന് കോവിഡ് കുതിക്കുന്നു; മരണം 14: യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
Mail This Article
ന്യൂഡല്‍ഹി∙ രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,303 ആയി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,30,943 ആയി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരണ നിരക്കിലും വര്‍ധനയുണ്ടായിരുന്നു-3.32%. കോവിഡ് സ്ഥിരീകരണ നിരക്ക് 5% കവിഞ്ഞാല്‍ സ്ഥിതി ആശങ്കാജനകമാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ, സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വെര്‍ച്വല്‍ യോഗം നടത്തി. സംസ്ഥാനങ്ങളിലെ തയാറെടുപ്പുകള്‍ വിലയിരുത്താനാണിത്. സംസ്ഥാനങ്ങള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് കേന്ദ്രസഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കര്‍മസമിതിയുടെ പതിവുയോഗം വ്യാഴാഴ്ച നടന്നു. കോവിഡ് വകഭേദങ്ങള്‍ക്കു സംഭവിക്കുന്ന ജനിതക മാറ്റം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം തന്നെയാണ് ഇപ്പോഴും വ്യാപിക്കുന്നത്. ആശുപത്രി ചികിത്സ തേടേണ്ടി വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച രാജ്യത്ത് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകള്‍. ഹിമാചല്‍പ്രദേശാണു രണ്ടാമത്: 212 കേസുകള്‍. കേരളത്തില്‍ 8229 ആക്ടീവ് കേസുകള്‍ ഉണ്ട്.
English Summary: India reports 6,050 new Covid-19 cases; 13% higher than yesterday