‘അത് മോദിയുടെ മാജിക്ക് അല്ലാതെ എന്താണ്?’; പ്രധാനമന്ത്രിയെ പുകഴ്ത്തി അജിത് പവാർ
Mail This Article
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ അജിത് പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ ബിജെപി അധികാരത്തിൽ വരികയും പല വിദൂര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തതായി അജിത് പവാർ പറഞ്ഞു. അതു പ്രധാനമന്ത്രി മോദിയുടെ മാജിക് അല്ലാതെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2019ലും ബിജെപിയെ അധികാരത്തിലെത്തിച്ചത് മോദിയുടെ മാന്ത്രികതയാണ്.
‘‘നേരത്തെ രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന പാർട്ടി, പ്രധാനമന്ത്രി മോദിയുടെ പേരിൽ വിദൂര സ്ഥലങ്ങളിൽ പോലുമെത്തി എത്തി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. അതു മോദിയുടെ മാജിക്ക് അല്ലേ? 2014ൽ വിജയിച്ചതിന് ശേഷം അദ്ദേഹത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടായി. അദ്ദേഹം ജനപ്രീതി നേടുകയും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുകയും ചെയ്തു. 2019ലും ഇത് ആവർത്തിച്ചു. ഒൻപത് വർഷത്തിന് ശേഷം ഈ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിൽ എന്താണ് പ്രയോജനം? ആളുകൾ അദ്ദേഹത്തിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ട്.’’– അജിത് പവാർ പറഞ്ഞു.
വിദ്യാഭ്യാസത്തിനു രാഷ്ട്രീയത്തിൽ പ്രധാന്യമില്ലെന്നു മോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ‘‘വിദ്യാഭ്യാസത്തിനു രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നില്ല. മഹാരാഷ്ട്രയിൽ, വസന്ത്ദാദ പാട്ടീലിനെപ്പോലുള്ള മുൻ മുഖ്യമന്ത്രിമാർ അത്ര വിദ്യാഭ്യാസമുള്ളവരല്ലായിരുന്നു, എന്നാൽ അവരുടെ ഭരണനൈപുണ്യം മികച്ചതായിരുന്നു. ആരും ഇത് ഇന്നുവരെ മറന്നിട്ടില്ല, വാസ്തവത്തിൽ, പാട്ടീലിന്റെ ഭരണകാലത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും തുറന്നു. എംഎൽഎയോ എംപിയോ മറ്റുള്ളവരോ വിദ്യാഭ്യാസമുള്ളവരായിരിക്കണമെന്ന് രാഷ്ട്രീയത്തിൽ വ്യവസ്ഥയില്ല.’’– അജിത് പവാർ പറഞ്ഞു.
വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മോദിയെ പ്രശംസിച്ച് അജിത് പവാറുമെത്തിയത്. അദാനി വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതിന് പിന്നാലെയാണ് ശരദ് പവാറിന്‍റെ ഭിന്നസ്വരം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിച്ച് കഴിഞ്ഞ ദിവസം നിലപാട് പരസ്യമാക്കിയ പവാര്‍ അദാനിക്കുള്ള പിന്തുണ ഇന്നു വീണ്ടും ആവര്‍ത്തിച്ചു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇപ്പോള്‍ അദാനിയെയും അംബാനിയെയും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഇവരുടെ സംഭാവനകള്‍ വിസ്മരിക്കരുതെന്ന് പവാര്‍ പ്രതികരിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവയ്ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഭരണപക്ഷ അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നതിനാല്‍ ജെപിസി അന്വേഷണം കൊണ്ട് കാര്യമില്ല. സുപ്രീംകോടതി നിര്‍ദേശിച്ച അന്വേഷണം വിശ്വാസയോഗ്യമാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു പവാറിന്‍റെ അഭിപ്രായങ്ങള്‍ പ്രതിപക്ഷത്തെ െഎക്യത്തെ ബാധിക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പറഞ്ഞു.
English Summary: NCP's Ajit Pawar praises PM Modi, says under his leadership BJP got majority, reached remote places