രതിചിത്ര നടിയെന്ന് വിളിച്ചു; ശാരീരികമായി ഉപദ്രവിച്ചവരില്‍ അച്ഛനും: ഉര്‍ഫി
Mail This Article
മുംബൈ ∙ കുട്ടിക്കാലത്ത് കടുത്ത മാനസിക ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. പതിനഞ്ചു വയസിൽ ഫെയ്സ്ബുക്കിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയും ഇത് കുടുംബത്തിലും നാട്ടിലും വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന്റെ പേരിൽ അച്ഛനും കുടുംബക്കാരും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചു. രതിചിത്ര നായികയെന്ന് ആക്ഷേപിച്ചു. വിഡിയോ എവിടെയെന്ന് ചോദിച്ചപ്പോൾ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ രതിചിത്ര നടിയെന്ന് മുദ്രകുത്തുകയായിരുന്നു.ബോധം പോകുന്നത് വരെ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വിഡിയോയില്‍ ഉര്‍ഫി പറയുന്നു.
പോൺസൈറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം രൂപ ചോദിക്കുന്നതായി അച്ഛൻ ബന്ധുക്കളോട് പറഞ്ഞുനടന്നു. എന്നെ നിരന്തരം ഉപദ്രവിക്കുന്നതിനാൽ ഇതിൽ പ്രതികരിക്കാൻ പോലും എനിക്കായില്ല. ഇവിടെ ഇരയായത് ഞാനാണ്. പക്ഷേ ആരും അത് വിശ്വസിക്കാൻ തയാറായില്ല. രണ്ട് വർഷത്തെ നിരന്തര പീഡനത്തിനുശേഷം ഞാൻ 17–ാം വയസിൽ വീടുവിട്ടിറങ്ങി.
ഉത്തർപ്രദേശിലെ ലക്നൗവിലേക്കാണ് പോയത്. അവിടെ ട്യൂഷൻ എടുത്ത് ജീവിച്ചു. പിന്നീട് ഡൽഹിയിലേക്ക് തിരിച്ചു, കോൾ സെന്ററിൽ ജോലി ചെയ്തു. ജീവിക്കാമെന്ന ആത്മവിശ്വാസം വന്നതോടെ ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തി. സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു താമസം. ടെലിവിഷനിൽ ചെറിയ ജോലികളൊക്കെ ലഭിച്ചുതുടങ്ങി. റിയാലിറ്റി ഷോ ആണ് തന്നെ പ്രശസ്തിയിലെത്തിച്ചതെന്ന് ഉർഫി പറഞ്ഞു. സ്വന്തം തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരില്‍ താന്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടുവെന്നും പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ മുഖമില്ലാത്തവര്‍ നടത്തുന്ന അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കില്ലെന്നും ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.
English Summary: Urfi Javed Opens Up About Being 'Physically Abused' By Her Father: I Ran Away To Delhi At 17...