ADVERTISEMENT

ന്യൂഡൽഹി ∙ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ബിജെപിയുടെ നിർണായക നീക്കം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ നീക്കം.

അല്‍ഫോൻസ് കണ്ണന്താനം, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് പുതിയ കോര്‍ കമ്മിറ്റി അംഗങ്ങള്‍.

സാധാരണ ഗതിയിൽ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകാറുള്ളത്. എന്നാൽ അൽഫോൻസ് കണ്ണന്താനത്തിന് നിലവിൽ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാർട്ടിയുടെ ഭാരവാഹിത്വമില്ല. ഇതിനിടെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ എറണാകുളത്തു നടക്കുന്ന കോർ കമ്മിറ്റിയിൽ അൽഫോൻസ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തൽ.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ അൽഫോൻസ് കണ്ണന്താനത്തിന് പാർട്ടി നിർണായക റോൾ നൽകിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയോടു ചേർത്തു നിർത്താൻ അദ്ദേഹം കാര്യമായ ശ്രമം നടത്തുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ ബിജെപി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിക്കുകയും ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് പാർട്ടി എന്ന സന്ദേശം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

കേരളത്തിന്റെ ചുതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് എന്നിവരും സംസ്ഥാന ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ.

പാർട്ടി വ്യവസ്ഥയനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശകസമിതിയെന്ന നിലയിലാണ് കോർ കമ്മിറ്റിയുടെ സ്ഥാനം. വിവിധ വിഷയങ്ങളിലും പ്രശ്നങ്ങളിലും പാർട്ടി ഏതു നിലപാട് സ്വീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കോറിന്റെ ചുമതല.

 

English Summary: Alphons Kannanthanam included in BJP Core committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com