മ്യാൻമറിൽ സൈന്യത്തിന്റെ വ്യോമാക്രമണം: 16 കുട്ടികളക്കം 100 മരണം; അപലപിച്ച് യുഎൻ
Mail This Article
യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണത്തിനെതിരെ പോരാടുന്ന വിമതർക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ മരിച്ചതായി റിപ്പോർട്ട്. 16 കുട്ടികളടക്കം കൊല്ലപ്പെട്ടെന്നാണു വിവരം. സജെയ്ങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (പിഡിഎഫ്) ഓഫിസ് തുറക്കുന്ന ചടങ്ങിനുനേരെയുണ്ടായ ആക്രമണത്തിലാണു കൂട്ടക്കുരുതി.
‘ഭീകരരും’ അവരെ സഹായിച്ച നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പട്ടാളത്തിന്റെ പ്രതികരണം. സമീപകാലത്തു പട്ടാളം നടത്തിയ വലിയ വ്യോമാക്രമണങ്ങളിൽ ഒന്നാണിത്. 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു പട്ടാളം അധികാരം പിടിച്ചത്. തുടർന്നു വിമതഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയിൽ സാധാരണ ജനങ്ങളടക്കം കൊല്ലപ്പെടുന്നതു വർധിച്ചു.
സംഭവത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കം ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ വക്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കച്ചിൻ മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ 50 പേരാണു കൊല്ലപ്പെട്ടത്.
English Summary: Nearly 100 Killed At Myanmar Ceremony, Military Justifies Deadly Attack