ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവരുന്നതിന് നിരോധനം. തദ്ദേശ-വ്യവസായ മന്ത്രിമാരുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലെ സംവിധാനം ഈ മാസം 30 വരെ മാത്രം തുടരാനും മറ്റു തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണമെന്നും തീരുമാനമായി. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്.

ജില്ലയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനാണ് കൊച്ചി നഗരസഭയിലെ മാലിന്യം മാത്രം ഇനി ബ്രഹ്മപുരത്തേക്ക് എത്തിച്ചാൽ മതിയെന്നു തീരുമാനിച്ചത്. തദ്ദേശസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യ സംസ്കരണം ശരിയായി നടത്തേണ്ടതിന്റെ നിയമപരമായ ആവശ്യം ബോധ്യപ്പെടുത്തും. ശരിയായ സംസ്കരണ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കും. കൗൺസിലർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാംപയിനും ഒരുക്കും.

മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ മുനിസിപ്പാലിറ്റികളിൽ ക്യാംപയിൻ കാര്യക്ഷമമായി നടക്കുന്നതായി യോഗം വിലയിരുത്തി. കൊച്ചി നഗരത്തിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ അജൈവ മാലിന്യം ഒറ്റത്തവണയായി നീക്കം ചെയ്യുന്നതിന്റെ സാധ്യത കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്നു പരിശോധിക്കും. പൊലീസ് പരിശോധന വ്യാപകമാക്കാനും മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും തീരുമാനമായി.

English Summary: Prohibition on bringing waste from local bodies other than Kochi Corporation to Brahmapuram plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com