ഷെട്ടറുടെയും ഈശ്വരപ്പയുടെയും മണ്ഡലത്തിൽ സ്ഥാനാർഥിയായില്ല; വിമതശല്യത്തിൽ ബിജെപി
Mail This Article
ബെംഗളൂരു ∙ രൂക്ഷമായ തർക്കം നിലനിൽക്കെ കർണാടകയിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 23 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്; 7 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. സീറ്റ് നൽകിയില്ലെങ്കിൽ വിമതനായി മത്സരിക്കുമെന്നു ഭീഷണി മുഴക്കിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ ഇപ്പോഴും സ്ഥാനാർഥിയായില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്നു രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയും ഒഴിച്ചിട്ടിരിക്കുകയാണ്.
ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. അഴിമതിക്കേസിൽ പ്രതിയായ എംഎൽഎ മാടൽ വിരൂപാക്ഷപ്പയുടെ ചന്നാഗിരി സീറ്റില്‍ ശിവകുമാര്‍ മത്സരിക്കും. ഇതോടെ 212 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളായി. സംസ്ഥാനത്തെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് ഇന്നു തുടക്കമാവും. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി–ദാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി പത്രിക നല്‍കുമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണു ജഗദീഷ് ഷെട്ടര്‍. ഡല്‍ഹിയിലേക്കു വിളിച്ചുവരുത്തി അനുനയിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. ബോംബെ കര്‍ണാടക മേഖലയില്‍ പാര്‍ട്ടിയെയും ആര്‍എസ്എസിനെയും കെട്ടിപ്പടുത്ത നേതാവിന്റെ നീക്കങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന നേതൃത്വം നിസ്സഹായരാണ്.
രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടറിനെ ഉള്‍പ്പെടുത്തുമെന്നു മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ സൂചന നല്‍കിയിരുന്നു. തീവ്രഹിന്ദുത്വവാദികളുടെ ആരാധനാപാത്രമായിരുന്ന, ഹിജാബ് വിരുദ്ധ പ്രചാരണത്തലവന്‍ കൂടിയായ ഉഡുപ്പി എംഎല്‍എ രഘുപതിഭട്ട് സീറ്റ് നിഷേധിച്ചതോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഗോരക്ഷാ സംഘത്തലവനും തീവ്രഹിന്ദുത്വ സംഘാടകനുമായ യശ്പാല്‍ സുവര്‍ണയെയാണ് പകരമായി മത്സരിപ്പിക്കുന്നത്. സ്ഥാനാര്‍ഥിപട്ടികയില്‍നിന്നു പുറത്തായതോടെ ഫിഷറീസ് മന്ത്രിയും സുള്ള്യയില്‍നിന്ന് ആറുതവണ എംഎല്‍എയുമായ എസ്.അംഗാര രാഷ്ട്രീയം മതിയാക്കി.
English Summary: Senior leaders unhappy on candidate list; Karnataka BJP in trouble