ADVERTISEMENT

ലണ്ടൻ ∙ അഭിമുഖത്തിനിടെ ബിബിസി മാധ്യമപ്രവർത്തകൻ നുണ പറയുകയാണെന്നു മുഖത്തുനോക്കി പറഞ്ഞ് ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിൽ വിദ്വേഷപരമായ ഉള്ളടക്കങ്ങൾ കുടൂന്നില്ലേ എന്നു റിപ്പോർട്ടർ ചോദിച്ചതിനു പിന്നാലെ ഉദാഹരണം പറയാൻ മസ്ക് ആവശ്യപ്പെട്ടു. ഉദാഹരണം പറയാതിരുന്നതിനെ തുടർന്നാണു നിങ്ങൾ പറയുന്നതു നുണയാണെന്നു മസ്ക് ആരോപിച്ചത്.

വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്ന അഭിമുഖത്തിൽ, ജീവനക്കാരുടെ കുറവ് എങ്ങനെയാണു ട്വിറ്ററിലെ വിദ്വേഷപരമായ ഉള്ളടക്ക പ്രശ്നം കൈകാര്യം ചെയ്യുന്നതിനെ ബാധിക്കുന്നതെന്നു റിപ്പോർട്ടർ ചോദിച്ചിരുന്നു. ‘‘എന്തു വിദ്വേഷ പ്രസംഗത്തെപ്പറ്റിയാണു നിങ്ങൾ പറയുന്നത്? ട്വിറ്റർ ഉപയോഗത്തിനിടയിൽ വിദ്വേഷപരാമർശങ്ങൾ കൂടുന്നതായി നിങ്ങൾ കണ്ടുവോ? എനിക്കങ്ങനെ തോന്നുന്നില്ല’’ എന്നായിരുന്നു മസ്കിന്റെ മറുപടി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സത്യസന്ധമായി പറഞ്ഞാൽ തനിക്കങ്ങനെ അനുഭവമില്ലെന്നും എന്റെ ഫോളോവർമാരെ മാത്രമെ നോക്കാറുള്ളൂവെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു. ‘‘ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഉദാഹരണമെങ്കിലും ആവശ്യപ്പെട്ടിട്ട് നിങ്ങൾ ചൂണ്ടിക്കാട്ടിയില്ല. അങ്ങനെയാണെങ്കിൽ, സർ, എന്തിനെപ്പറ്റിയാണു സംസാരിക്കുന്നതെന്നു താങ്കൾക്ക് അറിയില്ല. വിദ്വേഷപരമായ ഒരു ട്വീറ്റ് പോലും കാണിച്ചുതരാനാകാത്ത നിങ്ങൾ അത്തരം ഉള്ളടക്കം വർധിച്ചെന്നു പറയുന്നു. അതു തെറ്റാണ്, നിങ്ങൾ നുണ പറയുന്നു’’– മസ്ക് വിശദീകരിച്ചു.

അടുത്തിടെ ബിബിസിയെ ‘സർക്കാർ സഹായമുള്ള മാധ്യമസ്ഥാപനം’ എന്ന് ട്വിറ്റർ ലേബൽ ചെയ്തത് അവരെ പ്രകോപിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ട്വിറ്റർ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു കഴിഞ്ഞദിവസം ബിബിസിയുടെ ട്വിറ്റർ സ്പേസസ് അഭിമുഖത്തിൽ പറഞ്ഞ മസ്ക്, ഇന്ത്യയിൽ സമൂഹമാധ്യമ നിയമങ്ങൾ കർക്കശമാണെന്നും അഭിപ്രായപ്പെട്ടു.

English Summary: ​Viral Video: "You Just Lied," Elon Musk Tells BBC Reporter In Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com