ADVERTISEMENT

പത്തനംതിട്ട ∙ ശുഭപ്രതീക്ഷയിൽ ആശങ്ക ഒളിപ്പിച്ചുവച്ച് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഈ വർഷത്തെ മൺസൂൺ മഴപ്രവചനം. ശരാശരി മഴ ലഭിക്കുമെന്ന് പറയുമ്പോഴും ആഗോള താപനം മൂലം പ്രളയത്തിന്റെയോ വരൾച്ചയുടെയോ രൂപത്തിൽ മൺസൂൺ വരാമെന്നതിനാൽ വേണ്ടത് രണ്ടും മുന്നിൽക്കണ്ടുള്ള ആസൂത്രണമാണെന്ന് വിദഗ്ധർ.

96 ശതമാനം മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പ്രവചിച്ചാലും പ്രാദേശിക ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാം. നെല്ലു വിതച്ചു കാത്തിരിക്കുമ്പോൾ കിട്ടാതിരിക്കയും കൊയ്യാറാകുമ്പോൾ പ്രളയമാവുകയും ചെയ്യുന്നതാണ് പുതിയ പ്രവണത. ഇത് കാലാവസ്ഥാമാറ്റം മൂലമാണെന്നത് ഐഎംഡി അംഗീകരിക്കണമെന്നും ആ രീതിയിൽ പ്രവചനം മാറ്റണമെന്നും ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) റിപ്പോർട്ട് തയാറാക്കിയ സമിതിയിലെ അംഗം ഡോ. അഞ്ജൽ പ്രകാശ് പറയുന്നു.

∙ വേണ്ടത് ആഴ്ചതോറും പ്രാദേശിക പ്രവചനം

വാർഷിക മഴയുടെ കണക്ക് കൃത്യമായിരിക്കും. പക്ഷെ സമയത്ത് കിട്ടാതെ പോകുന്ന മഴ കർഷക പ്രതീക്ഷകളെ വാട്ടിക്കളയും. കഴിഞ്ഞ മാസം തെലങ്കാനയിൽ ആലിപ്പഴം വീണ് നെല്ല് നിലംപരിചായപ്പോൾ പഞ്ചാബിൽ താപതരംഗം മൂലം ഗോതമ്പ് വാടിക്കരിഞ്ഞു. ഇത് മഴയാശ്രിത കൃഷിയുടെ താളം തെറ്റിക്കുന്നു. അതിനാൽ ഇത്തരം പ്രവചനങ്ങൾക്കൊപ്പം ജില്ലാ –പഞ്ചായത്ത് തല തത്സമയ മുന്നറിയിപ്പുകളും അനിവാര്യമാണ്.

∙ ലാനിനോ മാറി എൽനിനോ വരുന്നു

പസിഫിക് സമുദ്ര താപം ചാക്രിക പ്രതിഭാസമായ തണുത്ത ലാ നിനോ യിൽ നിന്നു എൽ നിനോ എന്ന ചൂടേറ്റത്തിലേക്കു മാറുന്നതിനാൽ ഇന്ത്യയിൽ മഴ കുറയുമെന്ന മുന്നറിയിപ്പും ഇതിനൊപ്പമുണ്ട്. എൽനിനോ വന്ന 60 ശതമാനം വർഷങ്ങളിലും മഴ കുറഞ്ഞിരുന്നു. അതിനാൽ ആ രീതിയിലുള്ള തയാറെടുപ്പുകളും കാർഷിക– ജല വൈദ്യുത മേഖലകളിൽ നടത്തണം.

ഐഎംഡി ശരാശരി മഴ ഉറപ്പു പറഞ്ഞാലും കർഷകർ ജാഗ്രത പാലിക്കണം. ആഴ്ചതോറുമുള്ള മഴ പ്രവചനം ശ്രദ്ധിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളും കർഷകർക്കു ഉപദേശം നൽകണം. മഴ പഴയ മഴയല്ലെന്നും ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും മെറിലൻഡ് സർവകലാശാലയിലെ ലഘു മുർത്തുഗുഡെ പറഞ്ഞു.

∙ മഞ്ഞു കൂടിയാൽ മഴ കുറയുമോ?

യൂറോപ്പിലെയും ഹിമാലയത്തിലെയും മഞ്ഞുകാല തീവ്രത പോലും സ്വാധീനിക്കും വിധം സങ്കീർണ ആഗോള ജല–താപ ചക്രമാണ് മൺസൂൺ. ഇക്കുറി മഞ്ഞു കുറവായത് മഴയ്ക്ക് അനുകൂലമായേക്കാം. അതേസമയം, ഇന്ത്യൻ സമുദ്ര താപനിലയിലെ ഏറ്റക്കുറച്ചിൽ (ഡൈപ്പോൾ) മൂലം കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും പശ്ചിമ തീരത്തും എൽ നിനോ വന്നാലും മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന വിലയിരുത്തലും നിരീക്ഷകർ പങ്കുവയ്ക്കുന്നു.

English Summary: Monsoon in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com