വിവാഹിതനായ ഇന്ത്യൻ സൈനികൻ അഫ്ഗാൻ യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു; ബഹുഭാര്യത്വം, പീഡനക്കുറ്റങ്ങൾ ചുമത്തി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ സൈനിക മേജറെ അഫ്ഗാനിസ്ഥാനിൽ ഔദ്യോഗിക ജോലിക്ക് നിയോഗിച്ചപ്പോൾ ചെയ്തതായി ആരോപിക്കപ്പെടുന്ന പീഡനത്തിനും ബഹുഭാര്യത്വത്തിനും ഇന്ത്യയിൽ വിചാരണ നടത്താമെന്നു ഡൽഹി കോടതിയുടെ വിധി. കർകർദൂമ ജില്ലാ കോടതിയിലെ മെട്രോപൊലീറ്റൻ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി ഹൈക്കോടതിയുടെ ഒരു മുൻ ഉത്തരവിനെ ഉദ്ധരിച്ചാണ് ഇന്ത്യയ്ക്കു പുറത്ത് ഇന്ത്യൻ പൗരൻ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ വിചാരണ നടത്താൻ ഇന്ത്യൻ കോടതിക്ക് അധികാരമുണ്ടെന്ന് വിധിച്ചത്.
2006ൽ അഫ്ഗാനിസ്ഥാനിൽ നിയമിതനായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ തന്നെ മതം മാറ്റി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് അഫ്ഗാൻ യുവതി നൽകിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്റെ ആദ്യ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും അഫ്ഗാൻ യുവതി പരാതിയിൽ പറയുന്നു.
പ്രതി തന്റെ ഭർത്താവാണെന്ന ധാരണയിലാണ് ലൈംഗികബന്ധത്തിനു സമ്മതം നൽകിയതെന്നതിനാൽ, പ്രതിക്കെതിരെ ബഹുഭാര്യത്വവും ബലാത്സംഗവും ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നു യുവതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, മറ്റൊരു രാജ്യത്ത് കുറ്റകൃത്യം നടന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ കോടതിക്ക് അധികാരമില്ലെന്ന് ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ബഹുഭാര്യത്വവും പീഡനക്കുറ്റവും ചുമത്തി പ്രതിയെ വിചാരണ ചെയ്യണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
English Summary: Delhi trial for rape, bigamy in Afghanistan