അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നീക്കം; വാൽപാറയിലും ജനങ്ങളുടെ പ്രതിഷേധം
Mail This Article
വാൽപാറ ∙ അരിക്കൊമ്പൻ എന്ന കൊമ്പനാനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിലെ വാല്‍പാറയിലും പ്രതിഷേധം. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് വാല്‍പാറ നഗരസഭാധ്യക്ഷ അഴക് സുന്ദരവള്ളി അറിയിച്ചു. അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതില്‍ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടുമെത്തിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെത്തിയാല്‍ വാല്‍പാറയിലെ ജനജീവിതത്തെ സാരമായി ബാധിക്കും. വിനോദസഞ്ചാര മേഖലയും തോട്ടങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മുതുവരച്ചാലില്‍നിന്ന് അരിക്കൊമ്പന് വാല്‍പാറയിലേക്ക് എത്താന്‍ അധികസമയം വേണ്ടെന്നാണ് വിലയിരുത്തല്‍. നീക്കം ഉപേക്ഷിച്ചതായി രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.
അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതില്‍ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പുതിയ സ്ഥലം കണ്ടെത്തി വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഭിഭാഷകൻ വിഷ്ണു പ്രസാദ് ഹര്‍ജി നല്‍കി. ഇൗമാസം 24 ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ജനകീയ സമിതിയുടെ തുടര്‍ സമരപരിപാടികള്‍ മുതലമട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനിക്കും.
English Summary: Protest at Valpara in bringing Arikomban