വന്ദേഭാരതിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണം; നിവേദനം നൽകി വി.മുരളീധരൻ
Mail This Article
ന്യൂഡൽഹി∙ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനം നൽകി. ശബരിമല തീർഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂരിനെയും സർവീസിന്റെ ഭാഗമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കിയതായി അശ്വിനി വൈഷ്ണവ്, വി.മുരളീധരന് ഒപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. കാസർകോട് ജില്ലയിലേക്ക് കൂടി സർവീസ് നീട്ടേണ്ടതിന്റെ ആവശ്യകത വി.മുരളീധരൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം എന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനത്തിന് വി.മുരളീധരന്റെ നിർദേശം മാനിച്ച് സമഗ്ര പദ്ധതി തയാറാക്കിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. കൊച്ചുവേളിയും നേമവും തിരുവനന്തപുരത്തിന്റെ ഉപ ടെർമിനലുകളാക്കി വികസിപ്പിക്കും. ശിവഗിരി തീർഥാടനം കൂടി കണക്കിലെടുത്ത് വർക്കല സ്റ്റേഷൻ വികസിപ്പിക്കും.
English Summary: V Muraleedharan demanded stops for Vande Bharat in Shoranur and Chengannur