ADVERTISEMENT

കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ‌ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർ‌ഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. 

എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കും. ആദ്യം ക്രൈസ്തവരുമായി യോഗം ചേർന്നു. പിന്നീട് രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോൾ ക്രൈസ്തവർക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേർന്ന് ഒരു ദേശീയ പാർട്ടി രൂപീകിരിക്കാൻ തീരുമാനിച്ചു. സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളിൽനിന്നുള്ള അംഗങ്ങളും പുതിയ പാർട്ടിയുടെ ഭാഗമാകും’–ജോണി നെല്ലൂർ പറഞ്ഞു. 

ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനിൽക്കെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷനൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പാർട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. .

English Summary: Johnny Nellore leaves Kerala Congress(J)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com