ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ രാജയുടെ ഹർജി; സുപ്രീം കോടതി 28ന് പരിഗണിക്കും
Mail This Article
ന്യൂഡൽഹി∙ ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള എ.രാജയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 28ലേക്ക് മാറ്റി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണിതെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അതേസമയം, അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല.
സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ളയാളാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ, അഭിഭാഷകൻ ജി.പ്രകാശ് എന്നിവർ വാദിച്ചു. അതേസമയം, മതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാർഥി ഡി. കുമാറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ, അഭിഭാഷകന്‍ അല്‍ജോ കെ.ജോസഫ് എന്നിവർ സുപ്രീംകോടതിയെ അറിയിച്ചു.
English Summary: SC to consider A Raja’s petition challenging disqualification on April 28