ബി.വി.ശ്രീനിവാസിനെതിരെ ആരോപണമുന്നയിച്ച അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Mail This Article
ന്യൂഡൽഹി∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ബി.വി.ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുർ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച പരാതി നൽകിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാൽ, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു.
അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. ‘ഇത് കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണ്’ എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. പരാതി കേൾക്കാൻ വേദിയൊരുക്കുന്നതിന് പകരം പീഡനം ആരോപിച്ച യുവതിയെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
അങ്കിതയുടെ പരാതി പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടിയെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അസം ഘടകം അവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
English Summary: Congress expels Angkita Dutta days after she alleged harassment by IYC chief