ADVERTISEMENT

ന്യൂഡൽഹി∙ കേരളം സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സുരക്ഷാഭീഷണി അതീവ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതുപോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. അതിനിടെ, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാവിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍റലിജന്‍സ് മേധാവി തയാറാക്കിയ റിപ്പോർട്ട് ചോര്‍ന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അതീവ രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോർട്ടാണ് പുറത്തായത്. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.

കേരളത്തിൽ സന്ദർശനത്തിന് എത്തുമ്പോൾ പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഭീഷണിക്കത്ത് ലഭിച്ച‍ിരുന്നു. കത്തിനേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചതെന്നാണ് വിവരം. ഉടൻതന്നെ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിനായി എത്തുന്ന സാഹചര്യത്തിൽ അതീവ ഗൗവരത്തോടെയാണ് പൊലീസ് കത്തിനെ കാണുന്നത്.

English Summary: Home Ministry Asks To Increase Security To PM  Modi In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com