ADVERTISEMENT

തിരുവനന്തപുരം∙ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിസ്ഥാനത്ത് മുസ്‌ലിം പേര് വന്നത് ദുഃഖകരമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. ഭീകരപ്രവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. യഥാര്‍ഥ പ്രതികളെ കണ്ടെത്തണം. ഇസ്‍ലാം വരണ്ട മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്നത്. അബ്ദുൾ കലാം ആസാദിനെപ്പോലെയുള്ളവരേയും മുഗൾ ചരിത്രത്തേയും പാഠ പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് സന്ദേശത്തിലായിരുന്നു ഇമാമിന്‍റെ പ്രതികരണം.

‘നമ്മുടെ നാടിനെ നടുക്കിയ വലിയ ദുരന്തമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂരിലുണ്ടായത്. പിഞ്ചു കുഞ്ഞടക്കം മൂന്നു പേരുടെ ജീവനാണ്, ട്രെയിനിൽ നടന്ന പെട്രോൾ ആക്രമണത്തിൽ പൊലിഞ്ഞുപോയത്. ഒരു മുസ്‍ലിം പേരാണ് പ്രതിസ്ഥാനത്ത് ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടുന്നത് എന്നത് നമ്മളേവരും ഏറെ സങ്കടപ്പെടേണ്ടുന്ന വിഷയമാണ്. ശരിയായ ദിശയിലൂടെ അന്വേഷണം മുന്നോട്ടു പോയി യഥാർഥ വസ്തുതകൾ വെളിച്ചത്തു വരണം എന്നാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്.’

‘അബ്ദുൽ കലാം ആസാദിനേപ്പോലുള്ളവരുടെ ചരിത്രം പോലും പാഠഭാഗങ്ങളിൽനിന്ന് നീക്കം ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. അതിനോടു നമുക്കു യോജിക്കാൻ കഴിയില്ല. അത് ചരിത്രത്തോടു ചെയ്യുന്ന അനീതിയാണ്. അതുകൊണ്ട് എൻസിഇആർടി ഒരു പുനർവിചിന്തനത്തിന് തയാറാകണമെന്ന് ഈ സന്ദർഭത്തിൽ സൂചിപ്പിക്കുകയാണ്. അതുപോലെ മുഗൾ രാജവംശത്തിന്റെ ചരിത്രം വെട്ടിമാറ്റപ്പെട്ട നടപടിയും ഒട്ടും ശരിയായില്ല. എട്ടു നൂറ്റാണ്ടു കാലം രാജ്യം ഭരിച്ചവരാണ് അവർ.’ – ഇമാം ചൂണ്ടിക്കാട്ടി.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷഹീൻ ബാഗ് സ്വദേശിയായ ഷാറുഖ് സെയ്ഫി അറസ്റ്റിലായിരുന്നു. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനു രാത്രി 9.27നാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ അക്രമി തീയിട്ടത്. യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്ക് ചിതറിയോടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തിയിരുന്നു.

English Summary: It is sad that a muslim name is connected to Elathur train fire case, says Palayam Imam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com