പിഎസ്എൽവി-സി55 ദൗത്യം വിജയം; ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു
Mail This Article
ചെന്നൈ ∙ സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് – 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് – 4 എന്നിവ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എൽവി-സി55 ദൗത്യം പരിപൂർണവിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം.
വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങൾ വേഗത്തിൽ സംയോജിപ്പിക്കുന്ന പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ്) ഉപയോഗപ്പെടുത്തിയ ആദ്യ പിഎസ്എൽവി റോക്കറ്റാണ് വാണിജ്യ വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിച്ചത്. 757 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണു 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എൽവിയുടെ 57ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16ാമത്തെ വിക്ഷേപണമാണ് ഇന്നു നടക്കുക.
സിംഗപ്പുരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എൽവി–സി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് പോമിന്റെ കർത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവർത്തന കാലാവധി.
∙ പിഐഎഫിൽനിന്നുള്ള ആദ്യ റോക്കറ്റ്
പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് പിഎസ്എൽവി–സി55. റോക്കറ്റുകൾ വിക്ഷേപണം ചെയ്യുന്നതിനു മുൻപ് പാതി അസംബിൾ ചെയ്യുന്ന കേന്ദ്രമാണിത്. മുൻപ് റോക്കറ്റുകൾ വിക്ഷേപണത്തറയിൽ എത്തിച്ചാണ് അസംബിൾ ചെയ്തിരുന്നത്. എന്നാൽ ഇനിമുതൽ പിഐഎഫിൽ വച്ച് പാതി അസംബിള്‍ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോൾത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിൾ ചെയ്യാൻ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത.
ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ് ഇന്നത്തേത്. തുടർച്ചായി വാണിജ്യ വിക്ഷേപണങ്ങൾ നടത്തുമ്പോൾ കാലതാമസം ഉണ്ടാകാതിരിക്കാനാണ് പിഐഎഫിൽ വച്ച് പാതി അസംബിൾ ചെയ്യാൻ തീരുമാനിച്ചത്. പോമിൽ ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, സ്റ്റാർട്ടപ്പുകളായ ബെല്ലാട്രിക്സ്, ധ്രുവ സ്പേസ് എന്നിവയുടേതായ ഏഴ് പേലോഡുകളും ഉൾപ്പെടുന്നു.
English Summary: PSLV-C55 launch today, will carry 2 Singapore satellites, 7 desi payloads