സുന്ദർ പിച്ചൈയുടെ 2022 ലെ ശമ്പള പാക്കേജ് 1854 കോടി രൂപ
Mail This Article
ന്യൂയോർക്ക് ∙ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ 2022 ലെ ശമ്പള പാക്കേജ് 226 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 1854 കോടി ഇന്ത്യൻ രൂപ). മൂന്നു വർഷത്തിലൊരിക്കൽ കമ്പനി നൽകുന്ന ഓഹരികളുടെ മൂല്യം കൂടിയുൾപ്പെടുത്തിയ വരുമാനമാണിത്. 218 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ഓഹരികളാണ് പിച്ചൈക്ക് ലഭിച്ചത്.
ഇതിനു മുൻപത്തെ വർഷം പിച്ചൈക്ക് 6.3 ദശലക്ഷം യുഎസ് ഡോളർ ആയിരുന്നു ശമ്പള പാക്കേജ്. അന്ന് ഓഹരിയുണ്ടായിരുന്നില്ലെന്നും കമ്പനിയുടെ സെക്യൂരിറ്റി ഫയലിങ്ങിൽനിന്നു വ്യക്തമാകുന്നു. അതേസമയം, കഴിഞ്ഞ മൂന്നുവർഷമായി പിച്ചൈയുടെ ശമ്പളം 20 ലക്ഷം യുഎസ് ഡോളറാണ് (16.4 കോടി ഇന്ത്യൻ രൂപ).
മൂന്നു വർഷത്തിലൊരിക്കലാണ് ശമ്പള പാക്കേജിൽ ഓഹരി ഉൾപ്പെടുത്തുന്നത്. ഇതിനു മുൻപ് 2019 ലാണ് ഗൂഗിൾ പിച്ചൈയുടെ ശമ്പള പാക്കേജിൽ ഓഹരി ഉൾപ്പെടുത്തിയത്. അന്ന് 281 ദശലക്ഷം യുഎസ് ഡോളറാണ് പിച്ചൈക്ക് പാക്കേജ് ലഭിച്ചത്. ആൽഫബെറ്റ് ഉൾപ്പെടെയുള്ള വൻകിട ടെക്ക് കമ്പനികള്‍ ആളുകളെ പിരിച്ചുവിടുന്നതിനിടെയാണ് പിച്ചൈയുടെ വരുമാനത്തിന്റെ വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടുവർഷം 100 ദശലക്ഷം യുഎസ് ഡോളർ ശമ്പളം സ്വീകരിച്ചത് വിമർശനം ഏറ്റുവാങ്ങിയതിനെത്തുടർന്ന് ആപ്പിൾ സിഇഒ ടിം കുക്ക് 2023 ലെ ശമ്പള പാക്കേജിൽ കുറവു വരുത്തിയിരുന്നു.
English Summary: Google CEO Sundar Pichai Receives $200 Million In 2022 Amid Cost Cutting