ഭാര്യ കുടുങ്ങുമെന്ന് ഭയപ്പെട്ട അമൃത്പാലിനെ വലയിലാക്കി പൊലീസ്; പുലർച്ചെയും നിർദേശങ്ങളുമായി മുഖ്യമന്ത്രി
Mail This Article
അമൃത്‍സർ∙ ഖലിസ്ഥാൻവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാജ്യം വിടാതെ കീഴടങ്ങിയത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയത്തെ തുടർന്നെന്നു റിപ്പോർട്ട്. അമൃത്പാൽ ഒളിവിൽ പോയതു മുതൽ അയാളുടെ ഭാര്യയായ കിരൺദീപ് കൗറിനെ നിരീക്ഷണത്തിലാക്കിയിരുന്നെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
ബ്രിട്ടിഷ് പൗരത്വമുള്ള കിരൺദീപിന്റെ വീസയുടെ കാലാവധി ജൂലൈയിൽ അവസാനിക്കും. യുകെയിലേക്ക് പോകാനായി അമൃത്‍സർ വിമാനത്താവളത്തിൽ എത്തിയ കിരൺദീപിനെ വ്യാഴാഴ്ച പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കിരൺദീപ് രാജ്യം വിടാനുള്ള സാഹചര്യമില്ലാത്തപ്പോൾ താൻ രാജ്യം വിട്ടാൽ ഭാര്യ അറസ്റ്റിലാകുമെന്ന് അമൃത്പാൽ ഭയപ്പെട്ടിരുന്നെന്നാണ് വിവരം. കിരൺദീപിനെ സുരക്ഷിതമായി യുകെയിൽ എത്തിക്കാനായിരുന്നു അമൃത്പാലിന്റെ ഉദ്ദേശ്യം.
യുകെയിൽ സ്ഥിരതാമസമാക്കിയ, ജലന്തറിൽ കുടുംബവേരുള്ള കിരൺദീപ് ഈ വർഷം ഫെബ്രുവരിയിലാണ് അമൃത്പാലിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ഒരാഴ്ച മുൻപാണ് കിരൺദീപ് പഞ്ചാബിൽ എത്തിയത്. കിരൺദീപ് വഴി അമൃത്പാൽ യുകെയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസവും കിരൺദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കിരൺദീപിൽനിന്നും ചോദിച്ചറിഞ്ഞത്.
മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. 37 ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് അമൃത്പാൽ സിങ് ഞായറാഴ്ച പഞ്ചാബിലെ മോഗയിൽ കീഴടങ്ങിയത്. പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് കീഴടങ്ങിയതെന്നാണ് വിവരം.
അമൃത്പാലിനെ കണ്ടെത്താനുള്ള പൊലീസിന്റെ നീക്കങ്ങൾ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നെന്നാണ് റിപ്പോർട്ട്. പുലർച്ചെ നാലോടെ ഗുരുദ്വാര വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാൻ പഴുതുകളില്ലെന്നും പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഗുരുദ്വാരയിൽ സംഘർഷമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ശക്തമായ നിർദേശം നൽകിയതോടെ മൂന്നോ നാലോ പൊലീസുകാർ അകത്തു കയറി അമൃത്പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
English Summary: How Spotlight On Amritpal Singh's British Wife May Have Led To His Arrest