പുള്ളിപ്പുലിയുടെ പുള്ളി മായില്ല, അതുപോലെയാണ് ബിജെപി രാഷ്ട്രീയം: കാനം
Mail This Article
തിരുവനന്തപുരം∙ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ പ്രതികരിക്കുകയായിരുന്നു കാനം.
‘‘ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ട്. അതിനെയൊന്നും നമ്മൾ ചോദ്യം ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു പറഞ്ഞതുപോലെയാണ് ബിജെപിയുടെ രാഷ്ട്രീയം. ആരെയൊക്കെ കണ്ടാലും ഹിന്ദുത്വ രാഷ്ട്രീയം തുടരും. ഇക്കാര്യം സഭാധ്യക്ഷന്‍മാര്‍ക്കും നാട്ടുകാര്‍ക്കും അറിയാം.’’– കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.
English Summary: Kanam Rajendran on PM Modi meeting Christian leaders