ADVERTISEMENT

ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികളെ നെട്ടോട്ടം ഓടിച്ച ഖലിസ്ഥാൻ നേതാവ് അമ‍ൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസത്തിനുശേഷം. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ സിഖ് സംഗത്തിനു (പ്രഭാഷണം) ശേഷമാണ്  ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ പൊലീസിൽ കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കീഴടങ്ങുന്ന വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും മോഗയിലെ റോഡെ ഗ്രാമം വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. രാജ്യ സുരക്ഷാ നിയമപ്രകാരമാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. ഗുരുദ്വാരയില്‍ കയറിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി.

ഖലിസ്ഥാൻ വാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ ജന്മനാടാണ് മോഗ. ശനിയാഴ്ച രാത്രിയാണ് അമൃത്പാൽ ഇവിടേക്ക് എത്തിയതെന്ന് ഗുരുദ്വാര അധികൃതർ അറിയിച്ചു. ഗുരുദ്വാരയിലെ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അമൃത്പാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോയത്. വേഷം മാറിയും വാഹനം മാറ്റിയും പൊലീസിനെ വെട്ടിച്ച് പലയിടത്തായി താമസിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അമൃത്പാൽ‌ ഒളിത്താവളം മാറ്റുകയായിരുന്നു. രണ്ട് തവണ വിഡിയോ സന്ദേശത്തിലൂടെ ഖലിസ്ഥാൻ അനുയായികളെ അഭിസംബോധന ചെയ്യുകയും സിഖ് വിശ്വാസികളുടെ യോഗം ചേരാൻ ഉന്നത സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികൾക്ക് നിർദേശം നൽകുകയും ചെയ്തു.

അധികകാലം ഒളിവിൽ കഴിയില്ലെന്നും ഉടൻ ജനങ്ങൾക്കുമുന്നിൽ എത്തുമെന്നും അമൃത്പാൽ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അമൃത്പാലിനായുള്ള അന്വേഷണത്തിനിടെ പപൽപ്രീത് ഉൾപ്പെടെ എട്ട് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി, അസം, പഞ്ചാബ് എന്നിവിടങ്ങളിൽ അമൃത്പാലിനെ സഹായിച്ചവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏപ്രിൽ 14 വരെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കിയിരുന്നു.

അമൃത്പാലിനായുള്ള തിരച്ചിലിൽ പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ്, ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ ഓഫിസ് എന്നിവ ഖലിസ്ഥാൻ അനുകൂലികൾ അടിച്ചുതകർത്തു. അവിടത്തെ ദേശീയ പതാക മാറ്റി ഖലിസ്ഥാനി പതാകകൾ സ്ഥാപിക്കുകയും ചെയ്തു. പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകൾ ഖലിസ്ഥാൻ നേതാവിന്റെ പേരിലുണ്ട്.‌

ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

English Summary: Amritpal Singh surrenders in Punjab’s Moga, to be moved to Dibrugarh jail in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com